ഇസ്ലാമാബാദിൽ യുഎസ് - ഇറാൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി,​ സമാധാന ചർച്ച ഒരു ദിവസം കൂടി നീണ്ടേക്കും

Saturday 11 April 2026 10:43 PM IST

ഇസ്ലാമാബാദ്: പശ്ചിമേഷ്യയെ സ്തംഭിപ്പിച്ച പൂർണമായി അവസാനിപ്പിക്കാനുള്ള സുപ്രധാന ചർച്ചയ്ക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തുടക്കം. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നർ എന്നിവർ യു.എസ് സംഘത്തെ നയിക്കുന്നു. ഇറാനുവേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന സംഘവും പങ്കെടുക്കുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസീം മുനീർ എന്നിവരാണ് മദ്ധ്യസ്ഥത വഹിക്കുന്നത്.

ഒരു ദിവസത്തെ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും നാളെയും ചർച്ച തുടരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല. രണ്ട് മണിക്കൂർ നേരത്തെ ചർച്ചകൾക്ക് ശേഷം ഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിഞ്ഞിരിക്കുകയാണ്. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ അടച്ചിട്ട മുറികളിലാണ് ചർച്ചകൾ നടക്കുന്നത്.

ബുധനാഴ്ച ഇറാനും യു.എസും 14 ദിവസത്തെ വെടിനിറുത്തലിന് ധാരണയിലെത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ യുദ്ധം പുനഃരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. എന്തും നേരിടാൻ സജ്ജമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.