ഓട്ടോ ഡ്രൈവർക്ക് ഹെൽമെറ്റ് കൊണ്ട് അടിയേറ്റ് പരിക്ക്
Saturday 11 April 2026 11:09 PM IST
കൊച്ചി: സ്കൂട്ടർ യാത്രികന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പള്ളുരുത്തി കുമ്പളങ്ങി വഴിയിൽ താമസിക്കുന്ന ആലുവ എൻ.എ.ഡി സ്വദേശി ടി.എസ്. സുൾഫിക്കറിനാണ് (34) ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം സർവീസ് റോഡിലായിരുന്നു സംഭവം. ഇതുവഴി ഓട്ടോയുമായി വന്ന സുൾഫിക്കർ സർവീസ് റോഡിൽ നിർത്തിയിട്ട മറ്റൊരു ഓട്ടോയുടെ ഡ്രൈവറുമായി സംസാരിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ സ്കൂട്ടർ യാത്രികൻ ഹെൽമെറ്റ് ഉപയോഗിച്ച് പല തവണ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് പിടിച്ചുമാറ്റിയത്. നോർത്ത് പൊലീസ് കേസെടുത്തു.