കൊല്ലം - തേനി ദേശീയപാതയിൽ അപകടങ്ങളുടെ പെരുമഴക്കാലം
വളവുകളിൽ അപകടം പതിയിരിക്കുന്നു
മുണ്ടക്കയം ഈസ്റ്റ്: കൊല്ലം-തേനി ദേശീയപാതയിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനും ഇടയിൽ വാഹനാപകടങ്ങൾ പെരുകുന്നു. ഇടുങ്ങിയ റോഡിൽ വാഹനപ്പെരുപ്പം രൂക്ഷമായതോടെയാണ് അപകടങ്ങൾ തുടർക്കഥയായത്. കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള ദേശീയപാതയിൽ രണ്ടുമാസത്തിനിടെ നിരവധി അപകടങ്ങളാണ് സംഭവിച്ചത്. മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് ഏറ്റവും അധികം അപകടവളവുകൾ നിലനിൽക്കുന്നത്. ഇവിടങ്ങളിൽ അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നുണ്ട്. കഴിഞ്ഞദിവസം പെരുവന്താനത്തിന് സമീപം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതാണ് ഒടുവിലത്തെ സംഭവം. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്ക് സാരമായ കേടുപാട് സംഭവിച്ചു. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നാലെ വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. പെരുവന്താനം പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള റോഡ് കുത്തിറക്കവും കൊടുംവളവും നിറഞ്ഞതാണ്. അവധിക്കാലംകൂടിയായതോടെ വാഗമൺ, പാഞ്ചാലിമേട്, തേക്കടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.എന്നാൽ വാഹനപ്പെരുപ്പത്തിനനുസരിച്ച് വേണ്ടത്ര ക്രമീകരണങ്ങൾ ഇവിടെ നടപ്പിലാക്കിയിട്ടില്ല. പഴയ കെകെ റോഡ് ദേശീയപാതയായി നാമകരണം ചെയ്തതല്ലാതെ റോഡിന്റെ വീതി കൂട്ടുകയോ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയോ ചെയ്തിട്ടില്ല.
=പതിറ്റാണ്ടുകൾക്ക് മുമ്പ് നവീകരിച്ച റോഡിന്റെ വീതി കൂട്ടുകയോ വളവുകൾ നിവർത്തുകയോ ചെയ്യാത്തതുമൂലം അപകടങ്ങൾ വർധിക്കുകയാണ്.
=മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ ദേശീയപാതയിൽ കൊടികുത്തി, പെരുവന്താനം, അമലഗിരി, പുല്ലുപാറ, കടുവാപ്പാറ, മുറിഞ്ഞപുഴ വളഞ്ഞാങ്ങാനം, കുട്ടിക്കാനം വരെയുള്ള പ്രദേശത്തെ റോഡിലെ വളവുകളിലാണ് അപകടങ്ങൾ പതിയിരിക്കുന്നത്.