പിതാവ് മകളെ പീഡിപ്പിച്ചെന്ന് മാതാവ്: സി.ബി.ഐയ്‌ക്ക് വിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: ദാമ്പത്യത്തിലെ തമ്മിലടിക്കിടെ ഭർത്താവിനെതിരെ ഭാര്യ നൽകിയ പോക്സോ പരാതിയിൽ നേരറിയാൻ സി.ബി.ഐയ്‌ക്ക് വിട്ട് സുപ്രീംകോടതി. 11 വയസുള്ള മകളെ ഭർത്താവ് പീഡിപ്പിച്ചെന്നാണ് ഭാര്യയുടെ ആരോപണം. കർണാടകയിലെ ദമ്പതികളുടെ കേസാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. കർണാടക ഹൈക്കോടതിയിൽ നിന്ന് മകളുടെ കസ്റ്റഡി ഭർത്താവിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യ പരാതി നൽകിയതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതും. കേസിന്റെ പ്രത്യേക സ്വഭാവം മുൻനിറുത്തി സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് കോടതി നിലപാടെടുത്തു. ഡി.ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകണം. പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. അതിൽ വനിതാ സൈക്കോളജിസ്റ്റുണ്ടാകണം. അറസ്റ്റ് അടക്കം കടുത്ത നടപടികൾ വേണ്ട. കക്ഷികൾ അന്വേഷണവുമായി സഹകരിക്കണം. മാതാപിതാക്കളുടെ തമ്മിൽതല്ലിൽ പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മകളെ തത്കാലം മാതാവിനൊപ്പം വിട്ടു.