മയ്യിലിൽ അക്രമം തുടരുന്നു; മുസ്‌ലിം ലീഗ് ഓഫീസും സൗധവും അടിച്ചുതകർത്തു

Sunday 12 April 2026 1:54 AM IST

മയ്യിൽ: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് മയ്യിൽ പ്രദേശത്തുണ്ടായ രാഷ്ട്രീയ അക്രമ സംഭവങ്ങൾ അവസാനിക്കുന്നില്ല. മയ്യിൽ നിരത്തുപാലത്തിനു സമീപത്തെ ശിഹാബ് തങ്ങൾ സ്മാരക സൗധവും, മയ്യിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസും അക്രമികൾ അടിച്ചുതകർത്തു.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ലൈറ്റ് തെളിച്ചപ്പോഴാണ് കമ്പിപ്പാരകളും മറ്റു മാരകായുധങ്ങളുമായെത്തിയ മൂന്നു പേർ ഇരുളിലേക്ക് ഓടിമറഞ്ഞതെന്ന് പരിസരവാസികൾ പറഞ്ഞു. ഓഫീസിന്റെ വാതിൽ, ജനാലകൾ, ഗ്ലാസ്സുകൾ, മുന്നിലെ സ്തൂപം തുടങ്ങിയവ അക്രമികൾ അടിച്ചു തകർത്തിട്ടുണ്ട്. ഇതിനുപുറമെ കയരളം ഒറപ്പടി, മയ്യിൽ ടൗൺ തുടങ്ങിയ സ്ഥലങ്ങളിലെ കൊടിമരങ്ങളും പ്രചാരണ സാമഗ്രികളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് മയ്യിൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

അക്രമികൾ തകർത്ത മയ്യിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസ് നേതാക്കൾ സന്ദർശിക്കുന്നു