ഇന്ത്യൻ സംഗീതത്തിലെ സ്വരമാധുരിയ്‌ക്ക് യാത്രാമൊഴി; ബോളിവുഡ് നൃത്തഗാനങ്ങളിലെ പകരക്കാരില്ലാത്ത ശബ്‌ദം നിലച്ചു

Sunday 12 April 2026 3:15 PM IST

ഏഴ്‌ പതിറ്റാണ്ടിലേറെക്കാലം ബോളിവുഡിന്റെ ഈണങ്ങൾക്ക് ശബ്‌ദമേകിയ ആദ്യകാല ഗായികമാരിൽ ഒടുവിലത്തെയായാളും യാത്രയായി. ആശ ഭോസ്‌ലെ മൺമറയുമ്പോൾ അവസാനിക്കുന്നത് ഇന്ത്യൻ സംഗീതത്തിന്റെ ഒരു യുഗം കൂടിയാണ്. ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയായ ആശ ഭോസ്‌ലെ, സ്വന്തം ശൈലികൊണ്ട് ബോളിവുഡിലും അതിനപ്പുറവും ഇടം കണ്ടെത്തി. ആയിരത്തിലേറെ ഗാനങ്ങൾ പാടി 2011ലെ ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയ ഗായികയാണ് ആശാ ഭോസ്‌ലെ.

1943ൽ തന്റെ ഒമ്പതാമത്തെ വയസിലാണ് ആശ സംഗീതജീവിതം ആരഭിച്ചത്. അപ്പോഴേക്കും തന്റെ മൂത്ത സഹോദരിയായ ലത മങ്കേഷ്‌കർ സംഗീത മേഖലയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ആ സമയങ്ങളിൽ മിക്ക സംഗീതസംവിധായകരുടെയും ആദ്യത്തെ തിരഞ്ഞെടുപ്പ് ലതയായിരുന്നു. അമ്പതുകളുടെ തുടക്കത്തിൽ ചില പ്രത്യേകതരം ഗാനങ്ങളിലേക്ക് മാത്രം ആശ തിരഞ്ഞെടുക്കപ്പെട്ടു. നൃത്തനമ്പറുകൾ, കാബറേകൾ എന്നിവയിലേക്ക് മാത്രം ആ ശബ്‌ദം ചുരുങ്ങി. പിന്നീട് ഏത് തരം ഗാനങ്ങളും കൈകാര്യം ചെയ്യാനാകുമെന്ന നിലയിലേക്ക് ആശാ ഭോസ്‌ലെ അംഗീകരിക്കപ്പെടുകയായിരുന്നു.

എന്നാൽ, അപ്പോഴും ഡാൻസ്‌നമ്പരുകളിൽ ആശയ്‌ക്ക് പകരംവയ്‌ക്കാൻ മറ്റൊരു ശബ്‌ദം ഉണ്ടായിരുന്നില്ല. കാരവാനിലെ പിയ തു അബ് തോ ആ ജാ, ഡോണിലെ യെ മേരാ ദിൽ, ഹരേ രാമ ഹരേ കൃഷ്ണയിലെ ദം മാരോ ദം, തീസ്രി മൻസിലിലെ ഓ ഹസീന സുൽഫോവാലി തുടങ്ങി രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ നൃത്ത സദസുകളെ ആശയുടെ ശബ്‌ദം അടക്കിവാണു. 60കളിലും 70കളിലും ഒരു പ്രധാന സിനിമയിൽ ഹെലനെ ചുറ്റിപ്പറ്റിയുള്ള ഗാനം ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ ശബ്ദം ആശയുടേതായിരുന്നു.

80 കളിൽ പലരും ലതാ മങ്കേഷ്‌കറിനോളം കലാകാരിയല്ല ആശാ ഭോസ്‌ലെയെന്ന് വിധിയെഴുതിയിരുന്നു. ലത മങ്കേഷ്‌കർ പാടുന്നതുപോലെ ഗസലുകൾ കൈകാര്യം ചെയ്യാൻ ആശയ്‌ക്ക് കഴിയില്ലെന്നാണ് വിമർശകർ വിധിയെഴുതിയത്. എന്നാൽ ഉംറാവു ജാനിലെ തന്റെ മികച്ച പ്രകടനത്തിലൂടെ ആശ ആ കെട്ടുകഥകളെല്ലാം ഇല്ലാതാക്കി. വളരെ അനായാസമായും ഭംഗിയോടെയും അവർ ഗസലുകൾ പാടി. ആ ഗാനമാണ് ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്തത്. ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ ആശാ ഭോസ്‌ലെയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

16-ാം വയസിൽ കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് ഗൺപത്റാവു എന്ന 31കാരനെ ആശ ഭോസ്‌ലെ വിവാഹം ചെയ്‌തെങ്കിലും പിന്നീട് ആ ബന്ധം തകരുകയായിരുന്നു. മൂന്ന് കുട്ടികളുമായി ജിവിതത്തിലേക്ക് തിരിച്ചെത്തിയ അവർ സംഗീതത്തിലൂടെ അതിജീവനത്തിന്റെ വഴി കണ്ടെത്തിയത്. പിന്നീട് 1980ൽ തന്റെ 47-ാം വയസിലാണ് സംഗീത സംവിധായകനായ ആർ ഡി ബർമ്മനെ വിവാഹം കഴിച്ചത്.