വീണ്ടും പ്രതിസന്ധി തീർത്ത് പക്ഷിപ്പനി എന്തായാലും പാവം കർഷകന് ഇരുട്ടടി!

Sunday 12 April 2026 11:30 PM IST

കോട്ടയം: ഈസ്റ്റർ സീസണിന്റെ സന്തോഷം തീരുംമുൻപേ പക്ഷിപ്പനി സ്ഥീരീകരിച്ചത് കർഷകർക്ക് ഇരുട്ടടിയായി. വൈക്കം ഉദയനാപുരത്ത് രോഗം സ്ഥിരീകരിച്ചതോടെ വിവാഹസീസൺ കാലത്തെ കോഴി, താറാവ് വിപണിയേയും സാരമായി ബാധിക്കും.

ഉദയനാപുരം പഞ്ചായത്തിൽ പതിനാറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും താറാവിനും മറ്റു വളർത്തുപക്ഷികളെയും നശിപ്പിക്കാൻ തുടങ്ങി. ഈസ്റ്ററിന് ശേഷം വിവാഹസീസൺ ആരംഭിച്ചതേയുള്ളൂ. മികച്ച കച്ചവടം പ്രതീക്ഷിച്ച കർഷകർക്ക് പക്ഷിപ്പനി വലിയ വെല്ലുവിളിയാവുകയാണ്.

മികച്ച കച്ചവടം നടക്കേണ്ട സമയത്താണ് രോഗം.

നിയന്ത്രണം ഏർപ്പെടുത്തി

മുട്ടയും ഇറച്ചിയും കാഷ്ടവും കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. താറാവുകളെ ഏറ്റവും അധികം വളർത്തുന്ന മേഖലകളിലും നിയന്ത്രണങ്ങളുണ്ട്.

ഉറവിടം ഇപ്പോഴും വ്യക്തമല്ല

ദേശാടനപ്പക്ഷികൾ സജ്ജീവമാകുന്ന സമയത്താണ് പൊതുവേ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രോഗം അപ്രതീക്ഷിതമാണ്. മുമ്പ് രോഗം സ്ഥിരീകരിച്ച അവസരങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. അതേസമയം കോഴി, താറാവ് എന്നിവയ്ക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. കാട, ടർക്കിക്കോഴി, വാത്ത തുടങ്ങിയവയ്ക്കും മുട്ടകൾക്കും നഷ്ടപരിഹാരമില്ല. ഇത് കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

നഷ്ടപരിഹാരവും വൈകുന്നു

മുൻവർഷം കൊന്നൊടുക്കിയ കോഴി, താറാവുകൾക്കുള്ള നഷ്ടപരിഹാരം വൈകുകയാണ്.

നഷ്ടപരിഹാരം വൈകുന്നത് വായ്പയെടുത്ത കർഷകരെയും പ്രതികൂലമായി ബാധിക്കുന്നു.

മുൻവർഷത്തെ നഷ്ടപരിഹാരമായി കേന്ദ്രസർക്കാർ ഇനിയും പണം നൽകാനുണ്ട്.