സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇറാനുമായി ഏറ്റുമുട്ടലിന് ട്രംപ്,​ ഹോർമുസിലെ കപ്പലുകൾ തടയുമെന്ന് ഭീഷണി

Sunday 12 April 2026 8:08 PM IST

വാഷിംഗ്ടൺ: ഇറാനുമായുള്ള മദ്ധ്യസ്ഥതല സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാൻ യു.എസ് നാവിക സേനയ്ക്ക് ട്രംപ് ഉത്തരവ് നൽകി. ഇറാൻ നിയമവിരുദ്ധമായി ഈടാക്കുന്ന ടോൾ നൽകുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ നടപടി ആഗോളതലത്തിലുള്ള ഭീഷണിയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഹോർമുസിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ നാവികസേന നടപടി ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ കപ്പലുകൾക്കോ സമാധാനപരമായി യാത്ര നടത്തുന്ന കപ്പലുകൾക്കോ നേരെ ഇറാൻ വെടിയുതിർത്താൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര കപ്പൽപാതയിലൂടെ സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കണമെന്നതായിരുന്നു അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിബന്ധന. അന്താരാഷ്ട്ര കപ്പൽ പാത എത്രയും വേഗം തുറക്കാൻ ഇറാൻ തയ്യാറാകണമെന്ന് ട്രംപ് ആവർത്തിച്ചു. സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ വീണ്ടും സൈനിക നീക്കത്തിന് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.