കുറിപ്പിട്ട് സുനിൽ ലാലൂർ : വിവാദത്തിലേക്ക് ഉൾപ്പോര്
തൃശൂർ: തിരഞ്ഞെടുപ്പ് ചൂടാറും മുൻപേ ജില്ലയിലെ കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് അരങ്ങ്. നാട്ടികയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സുനിൽ ലാലൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ പോർമുഖം തുറന്നത്. നാട്ടികയിൽ തനിക്ക് സീറ്റ് നഷേധിക്കാൻ സി.പി.ഐ വിട്ട സി.സി. മുകുന്ദനെ ചിലർ കൊണ്ടുവരാൻ ശ്രമിച്ചെന്നാണ് ഫേസ്ബുക്കിലൂടെ ആരോപിക്കുന്നത്.
'ബി.ജെ.പിയുടെ മനസുമായി നടന്ന സി.സി. മുകുന്ദനെ ഡൽഹിയിൽ കൊണ്ടുപോയി സീറ്റ് വാങ്ങിക്കൊടുക്കുവാൻ ശ്രമിച്ച ആളുകൾക്ക് ജനം മറുപടി നൽകും' എന്നാണ് പോസ്റ്റ്. മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെ ലക്ഷ്യമിട്ടാണ് കുറിപ്പെന്നാണ് ഫേസ്ബുക്ക് കമന്റിലൂടെയുള്ള പ്രവർത്തകരുടെ പ്രതികരണം.
കുറിപ്പിട്ടതിനെതിരെ സുനിൽ ലാലൂരിനെ വിമർശിക്കുന്നവരും നിരവധിയുണ്ട്. പാർട്ടി വേദികളിൽ പറയേണ്ട കാര്യം ഫേസ്ബുക്കിൽ കുറിക്കരുതെന്നാണ് ചിലരുടെ ഉപദേശം. നാട്ടികയിൽ യു.ഡി.എഫ് ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സുനിലിന്റെ കുറിപ്പെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഫേസ്ബുക്ക് കുറിപ്പനോട് കോൺഗ്രസിലെ മുതിർന്ന നേതാക്കളോ ഡി.സി.സി പ്രസിഡന്റോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
തെരഞ്ഞെടുക്കുന്ന വിവാദങ്ങൾ!
2021 നിയമസഭ
തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ തോൽപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചെന്ന് ആരോപിക്കുന്നു. തുടർന്ന് കോൺഗ്രസ് വിടുന്നു.
2024 ലോകസഭ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മൂന്നാം സ്ഥാനത്ത്. തോൽവിക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിച്ചു നേതാക്കൾക്ക് എതിരെ മുരളീധരന്റെ വിമർശം. ഡി.സി.സി ഓഫീസിൽ കൈയാങ്കളി. ജോസ് വള്ളൂർ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു.
2025 തദ്ദേശ തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനിൽ മിന്നും വിജയം. തൃശൂർ മേയർ സ്ഥാനം നിജി ജസ്റ്റിന് നൽകിയതിനെതിരെ മുതിർന്ന കൗൺസിലർ ലാലി ജയിംസ് പരസ്യമായി രംഗത്തെത്തുന്നു. ലാലിയെ പുറത്താക്കുന്നു. (പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി )
കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂരിനെതിരെ പരസ്യ പ്രസ്താവന നടത്തിയ സുനിൽ ലാലൂരിന്റെ പ്രാഥമിക അംഗത്വം റദാക്കണം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരുടെ നിർദ്ദേശപ്രകാരം സി.സി. മുകുന്ദനെ കാണാൻ പോയ ജോസ് വള്ളൂരിനെ അധിക്ഷേപിക്കുകയാണ് സുനിൽ ലാലൂർ. ഷൈൻ നാട്ടിക കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്