വിഷരഹിത കണിയൊരുക്കി കഞ്ഞിക്കുഴി
മുഹമ്മ: കഞ്ഞിക്കുഴിയിലെ കർഷകർക്ക് വിഷുക്കാലം പച്ചക്കറിയുടെ മികച്ച വിപണനകാലം കൂടിയാണ്. വിഷുവിപണി ലക്ഷ്യമിട്ട് കണിവെള്ളരിയും കണിമത്തനും വിളവെടുത്തു. മുൻകൂർ ബുക്കിങ്ങിലൂടെയാണ് പല കർഷകരും ഇവ വിറ്റഴിച്ചത്. സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ ശുഭകേശനും സാനുവും സുനിലും സുജിത്തും രേഷ്മയും ആഷയുമൊക്കെ കുട്ടനിറയെ കണിവെള്ളരിയും മത്തനുമാണ് ഇതിനകം വിറ്റു തീർത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലജിതാതിലകൻ, പഞ്ചായത്തംഗം സജിതാ ബൈജു, കർമ്മസേന കൺവീനർ ജി.ഉദയപ്പൻ, ഫാം ഇൻഫർമേഷൻ ഉദ്യോഗസ്ഥൻ സുമേഷ്,ശുഭകേശൻ എന്നിവർ പങ്കെടുത്തു.
പയറും പടവലവും പാവലും പീച്ചിലും മത്തനും ഇളവനും വെണ്ടയുമെല്ലാം പാടശേഖരങ്ങളിലും പറമ്പിലും നിരവധി കർഷകർ കൃഷി ചെയ്തിട്ടുണ്ട്. സാനു പാപ്പറമ്പിൽ ഇത്തവണ പരമ്പരാഗത രീതിയിലാണ് പാവൽ കൃഷി ചെയ്തത്. പ്രിയങ്ക, മായ ഇനത്തിലുള്ള പാവലാണ് സാനു കൃഷി ചെയ്തത്. വിഷരഹിത പച്ചക്കറികളുടെ വിഷുക്കണി കിറ്റും ഇത്തവണ സാനു വിപണിയിലിറക്കുന്നുണ്ട്. കാട്ടുകട എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ 450 രൂപയ്ക്കാണ് പച്ചക്കറികളും പഴവർഗ്ഗങ്ങളും കൊന്നപ്പൂവും നൽകുന്നത്. പട്ടത്താനം സജി, പ്രതാപൻ , പി.കെ.ശശി, ഹരിദാസ് പുത്തൻ വെളി, സാംബശിവൻ പുത്തൻ വെളി, ശശികല പുഴാരത്ത്, പുഷ്പജൻ ഉത്തരപ്പള്ളി, സാബു, പ്രസാദ്, സതീഷ് , പ്രദീപ് അറക്കൽ , ചന്ദ്രബാബു കരിമറ്റത്തിൽ, ഹരിദാസ് കുലവടി ,അനീഷ് കിഴക്കേ വെളി, കുഞ്ഞുമോൻ സായി, ആ ആനന്ദൻ അഞ്ചാതറ തുടങ്ങിയവരെല്ലാം വിഷുക്കാലകൃഷിയിൽ മികച്ച വിളവ് കൊയ്തവരാണ്.