ബ്രെറ്റ് ലീയുടെ വരികൾക്ക് ജീവൻ നൽകിയ ആശ
മുംബയ്: തികഞ്ഞ ക്രിക്കറ്റ് ആരാധികയായിരുന്ന ആശാ ഭോസ്‌ലെ ഒരു ക്രിക്കറ്റർ എഴുതിയ വരികൾ മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ്‌ലീയായിരുന്നു ആ ഗാനരചയിതാവും സഹഗായകനും. 2007ലാണ് 'ആശ ആൻഡ് ഫ്രണ്ട്സ്" എന്ന പ്രോജക്റ്റിന്റെ ഭാഗമായി ഇരുവരും ഒന്നിച്ച് പാടുകയും അഭിനയിക്കുകയും ചെയ്ത 'യു ആർ ദ വൺ ഫോർ മി "എന്ന ഗാനം പിറക്കുന്നത്. ഈ ഗാനം വൻ ഹിറ്റായി. ക്രിക്കറ്റാണ് ഇരുവരെയും ഈ പ്രോജക്ടിനായി അടുപ്പിച്ചത്.
2006-ലെ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയിലെത്തിയപ്പോഴാണ് ലീയും ആശയും ഒന്നിച്ചുള്ള ഈ മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്. ബ്രെറ്റ് ലീ ഇംഗ്ലീഷ് വരികളാണ് എഴുതിയത്. ഇതോടൊപ്പം ഗാനത്തിലെചില ഹിന്ദി വരികളും ലീ ആലപിച്ചു.
ഓസീസ് ടീമിലെ സഹതാരങ്ങളോട് കള്ളം പറഞ്ഞാണ് ലീ ഈ ഗാനത്തിന്റെ ചിത്രീകരണത്തിനെത്തിയത്. ഇന്ത്യൻ തെരുവുകളിൽ കാഴ്ച കാണാൻ പോകുകയാണെന്നാണ് ലീ അന്ന് സഹതാരങ്ങളോട് പറഞ്ഞത്. ഷമീർ ടണ്ടനായിരുന്നു സംഗീത സംവിധായകൻ.