സ്റ്റാലിൻ സാർ വേണമാ? ഉങ്കൾ വിജയ് വേണമാ...? ടി.വി.കെ അധികാരത്തിലെത്തിയാൽ ജനത്തിനും ഭരണ പങ്കാളിത്തമെന്ന് വിജയ്

Monday 13 April 2026 12:29 AM IST

കന്യാകുമാരി: ''മക്കൾ (ജന) വിരോധ ആട്ചി (സർക്കാർ) നടത്തിറ സ്റ്റാലിൻ സാർ വേണമാ...?

മക്കളെ നേസിക്കറ (സ്നേഹിക്കുന്ന) ഉങ്കൾ വിജയ് വേണമാ...?""

വിജയ്‌യുടെ ചോദ്യം കേട്ട് കന്യാകുമാരി പരാമാർത്ഥലിംഗപുരം ജംഗ്ഷനിൽ തടച്ചുകൂടിയ ജനക്കൂട്ടം ''വിജയ്... വിജയ്"" എന്ന് വിളിച്ചാർത്തു.

ടി.വി.കെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ വിജയ് കന്യാകുമാരിയുടെ മനം കവർന്നാണ് റോഡ് ഷോ നടത്തിയത്. തുറന്ന വാഹനത്തിൽ കൈവീശി കാണിച്ചും ഇടയ്ക്ക്, സൈക്കിൾ സവാരി നടത്തി ആരാധകരെ ആവേശം കൊള്ളിച്ചു. ചില കേന്ദ്രങ്ങളിൽ പ്രചാരണ ബസിന്റെ മുകളിലെ വേദിയിൽ കയറി പ്രസംഗിച്ചു.

''എൻ നെഞ്ചിൽ കുടിയിറുക്കും..."" എന്നു പ്രസംഗിച്ചു തുടങ്ങിയപ്പോഴേ കാതടപ്പിക്കുന്ന ആരവം.

'ടി.വി.കെ അജണ്ട ഫോർ 21 സെഞ്ച്വറി ഗുഡ് ഗവേണൻസ്..." എന്ന തലകെട്ടിലെ പ്രഖ്യാപനങ്ങൾ അദ്ദേഹം വായിച്ചു. ഭരണത്തിലും ജനങ്ങൾക്ക് പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

ഒരു സർക്കാർ ഓഫീസിൽ പോയാൽ ഇവരെ കാണൂ അവരെ കാണൂ... എന്നു പറയും. പിന്നെ വാ, നാളെ വാ.. ഈ ഡോക്യുമെന്റ് ശരിയല്ല, ആ ഡോക്യുമെന്റ് ശരിയല്ല എന്നു പറയും.

ഇതിനു കാരണം ""ഡോക്യുമെന്റല്ലൈ, ഡബ്ബാ ഡബ്ബാ...""

കൈക്കൂലി വാങ്ങുന്നത് ഓഫീസർമാർക്ക് മാത്രമല്ല ബന്ധപ്പെട്ട മന്ത്രിക്കും ഒരു പങ്ക് പോയി ചേരും. ആദ്യം ഇത് ക്ലോസ് ചെയ്യണം.

തമിഴ്നാട് സർക്കാരിന്റെ ബഡ്ജറ്റ് ഒരു രേഖ മാത്രമാണ്. അതിൽ, ഓരോ പദ്ധതിക്കും അനുവദിച്ച ഫണ്ട് പോകുന്നു. അത് ആർക്കാണ് പോകുന്നതെന്ന് നമുക്കറിയില്ല. ഇത് ഒരു ചിദംബര രഹസ്യം പോലെയാണ്, ഇത് ഒരു സ്റ്റാലിൻ രഹസ്യമാണ്. ഞങ്ങൾ അത് മാറ്റും.

തമിഴ്നാടിന്റെ കടം 10.5 ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ 70 വർഷത്തിനിടെ നമ്മൾ എടുത്തതിനേക്കാൾ കൂടുതൽ വായ്പകൾ ഈ 5 വർഷത്തിനിടെ എടുത്തിട്ടുണ്ട്. ഇങ്ങനെ തുടരാനാവില്ല. പലിശയ്ക്ക് ചെലവഴിക്കുന്ന ഓരോ രൂപയും നമ്മുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ നിന്നും കുടുംബത്തിന്റെ ചികിത്സയിൽ നിന്നും മോഷ്ടിച്ച ഒരു രൂപയ്ക്ക് തുല്യമാണ്.

തമിഴ്നാട് ഡിജിറ്റൽ ക്യാപിറ്റൽ

അധികാരം ലഭിച്ചാൽ തമിഴ്നാടിനെ ഇന്ത്യയുടെ ഡിജിറ്റൽ തലസ്ഥാനമാക്കുമെന്നും എ.ഐയ്ക്കു വേണ്ടി വകുപ്പ് സൃഷ്ടിക്കുമെന്നും വിജയ് വാഗ്ദാനം നൽകി.

എ.ഐ സർവകലാശാല സ്ഥാപിക്കും. ഐ.ഐ നഗരങ്ങൾ സൃഷ്ടിക്കും

1,000 ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ മധുര, സേലം, ട്രിച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ എ.ഐ ഇന്നൊവേഷൻ ഹബ്ബുകൾ സ്ഥാപിക്കും

ആധാർ കാർ‌ഡ് പോലെ തമിഴ്നാട് സിറ്റിസൺ പ്രിവിലേജ് കാർഡ് നൽകും.

♦സർക്കാർ സേവനങ്ങൾ വീട്ടിലെത്തും. കൈക്കൂലി ഇല്ല ഇടനിലക്കാർ ഇല്ല.

സർക്കാർ രൂപീകരിച്ച് 6 മാസത്തിനുള്ളിൽ തമിഴ്നാട് സേവന അവകാശ പദ്ധതി നടപ്പിലാക്കും. തമിഴ്നാട് വെട്രി ആപ്പ് സൃഷ്ടിക്കും

ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, പരാതി രജിസ്‌ട്രേഷൻ തുടങ്ങി എല്ലാം മൊബൈൽ ഫോണിൽ ഉണ്ടാകും.

സേവനം വൈകിയാൽ, ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും.