വനിത സംവരണ ബിൽ ഒറ്റക്കെട്ടായി പാസാക്കണം, രാഷ്ട്രീയ പാർട്ടികൾക്ക് മോദിയുടെ കത്ത്

Monday 13 April 2026 1:17 AM IST

ന്യൂഡൽഹി: ഏപ്രിൽ 16ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന വനിത സംവരണ ബിൽ ഒറ്റക്കെട്ടായി പാസാക്കുന്നതിന് പിന്തുണതേടി പ്രതിപക്ഷത്തെയടക്കം രാഷ്ട്രീയ പാർട്ടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു. 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിലും,​ നിയമസഭാ തിരഞ്ഞെടുപ്പുകളിലും 33% വനിതാ സംവരണം നടപ്പാക്കേണ്ടത് പ്രധാനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

വികസിത രാഷ്ട്രമായി മാറുക എന്ന ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കണമെങ്കിൽ, സ്ത്രീകളുടെ സജീവമായ പങ്കാളിത്തം അത്യാവശ്യമാണ്. തീരുമാനമെടുക്കാനും,​ നയിക്കാനും സ്ത്രീകൾക്ക് അവസരം ലഭിക്കുമ്പോഴാണ് സമൂഹം പുരോഗമിക്കുന്നത്. നാരീശക്തി വന്ദൻ അധിനിയമം യഥാർത്ഥ അർത്ഥത്തിൽ നടപ്പാക്കേണ്ട സമയമായിരിക്കുന്നു.

ഇത് ഭരണത്തിൽ സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കും. അതിനാൽ ഒറ്രക്കെട്ടായി ബിൽ പാസാക്കാനാണ് കത്തെഴുതുന്നതെന്നും മോദി വ്യക്തമാക്കി. വനിതാ സംവരണം നടപ്പാക്കുന്നതിന് മുന്നോടിയായി മണ്ഡല പുനർനിർണയം നടക്കേണ്ടതുണ്ട്. അതിനുള്ള ബില്ലും അവതരിപ്പിക്കും. മണ്ഡല പുനർനിർണയത്തിലൂടെ 50% ലോക്‌സഭാ, നിയമസഭ സീറ്റുകൾ വർ‌ദ്ധിപ്പിക്കും.

സ‌ർവകക്ഷി യോഗം

വിളിക്കണം: ഖാർഗെ

മണ്ഡല പുനർനിർണയം ചർച്ചചെയ്യാൻ സ‌ർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രധാനമന്ത്രിക്കുള്ള മറുപടിക്കത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷവുമായി കൂടിയാലോചന നടത്താതെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചത്. ബിൽ പാസാക്കാൻ തിടുക്കം കാണിക്കുന്നു. വനിതാ ശാക്തീകരണത്തെക്കാൾ രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ശ്രമം. ബില്ലിലെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ല. അതിനാൽ ഫലപ്രദമായ ചർച്ച സഭയിൽ അസാദ്ധ്യമാണെന്നും ചൂണ്ടിക്കാട്ടി.