യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
ചങ്ങനാശേരി: യുവാവിനെ വടിവാളിന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശി കൃഷ്ണരാജിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പത്തനംതിട്ട ചുമത്ര തകിടിപ്പറമ്പിൽ സിയാദ് (32), കാവാലം ചെറുകര പുത്തൻപറമ്പ് വിമൽമോൻ (27) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ 9നാണ് കേസിനാസ്പദമായ സംഭവം. കൃഷ്ണരാജ് ബൈക്കിൽ ചങ്ങനാശേരി പെരുന്ന ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ ധന്യ തിയേറ്ററിന് സമീപത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കൃഷ്ണരാജിന് ഗുരുതര പരിക്കേറ്റു. സുഹൃത്തുക്കളായ സിദ്ധാർത്ഥിനെയും അരവിന്ദനെയും ഉപദ്രവിച്ച സംഭവം ചോദിക്കാനെത്തിയ വിരോധമാണ് ആക്രമണത്തിന് കാരണം. പ്രതികൾ എറണാകുളം സൗത്ത് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. ചങ്ങനാശേരി പൊലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അരുൺദേവ്, സജിത്ത്‌മോൻ, പ്രൊബേഷൻ എസ്.ഐ സുകേഷ്, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി, സി.പി.ഒ നിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.