പൊലീസുകാരെ മർദ്ദിച്ച സഹോദരങ്ങൾ അറസ്റ്റിൽ

Monday 13 April 2026 2:45 AM IST

കൊച്ചി: അസ്വാഭാവിക സാഹചര്യത്തിൽ കണ്ടത് ചോദ്യംചെയ്ത പൊലീസുകാർക്ക് സഹോദരങ്ങളുടെ മർദ്ദനം. എറണാകുളം നോർത്ത് സ്‌റ്റേഷനിലെ എസ്.ഐ എഡ്വേർഡ് ഗ്ലാഡ്വിൻ, സി.പി.ഒ ആർ. മണികണ്ഠൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവർക്കും കൈയിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മഡോണ വീട്ടിൽ ജെ. പ്രിൻസ് (29), സഹോദരൻ ജിന്റോ (27) എന്നിവരാണ് പിടിയിലായത്. 12 കേസുകളിൽ പ്രതിയാണ് ജിന്റോ. ശനിയാഴ്ച വൈകിട്ട് 5.45ഓടെ നോർത്ത് പാലത്തിന് താഴെയായിരുന്നു സംഭവം. ജോലി തേടി കൊച്ചിയിൽ എത്തിയതായി പറയുന്ന പ്രതികൾ പാലത്തിന് താഴെ ഇരിക്കുകയായിരുന്നു.

ഈ സമയം ജീപ്പിൽ ഇതുവഴി കടന്നുപോയ എസ്.ഐ എഡ്വേർഡ് ഗ്ലാഡ്വിൻ ഇവിടെ ഇരിക്കരുതെന്നും സ്ഥലമത്ര നല്ലതല്ലെന്നും സഹോദരങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മാറാമെന്ന് ഇരുവരും ഉറപ്പുപറഞ്ഞതോടെ പൊലീസ് സംഘം മടങ്ങി. 15 മിനിറ്റ് കഴിഞ്ഞ് മറ്റൊരു ആവശ്യത്തിനായി തിരിച്ചുവരുമ്പോൾ സഹോദരങ്ങൾ അവിടെത്തന്നെയുണ്ടായിരുന്നു. പന്തികേട് തോന്നി തിരിച്ചറിയൽ കാർഡ് ചോദിച്ചതോടെ സഹോദരങ്ങൾ തട്ടിക്കയറി.

ഇവരെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതോടെ സഹോദരങ്ങൾ എസ്.ഐയുടെ കൈപിടിച്ച് തിരിക്കുകയും മർദ്ദിക്കുകയും ചെയ്തു. കൈയാങ്കളിക്കിടെ ജീപ്പിന്റെ വലതുവശത്തെ മിറർ ഉടഞ്ഞു. ഇതിൽനിന്ന് ചില്ല് കൈക്കലാക്കി പൊലീസുകാർക്ക് നേരെ തിരിഞ്ഞെങ്കിലും ഇരുവരെയും കീഴ്‌പ്പെടുത്തി. ചില്ലുകൊണ്ടാണ് എസ്.ഐക്കും സി.പി.ഒയ്ക്കും മുറിവേറ്റത്.

പ്രതികൾ വയർലെസിന്റെ ആന്റിനയും നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവർ കൊച്ചിയിൽ എത്തിയത് എന്തിനെന്നും അന്വേഷിച്ചു വരികയാണ്.