16 വർഷം നീണ്ട ഭരണത്തിന് അന്ത്യം, ഹംഗറിയിൽ ട്രംപ് അനുകൂലിയായ പ്രധാനമന്ത്രിക്ക് ഒടുവിൽ തോൽവി

Monday 13 April 2026 7:25 AM IST

ബുഡാപെസ്‌റ്റ്: ഹംഗറി പൊതുതിരഞ്ഞെടുപ്പിൽ ദേശീയ വാദിയും യൂറോപ്യൻ യൂണിയനിലെ പ്രമുഖ ട്രംപ് അനുകൂലിയും പ്രധാനമന്ത്രിയുമായ വിക്‌ടർ ഓർബാന്റെ പാർട്ടി തോൽവിയിലേക്ക്. മുഖ്യ എതിരാളി പീറ്റർ മഗ്യാറിന്റെ പാർട്ടിയാണ് ജയിച്ചത്. മഗ്യാർ ആകും അടുത്ത പ്രധാനമന്ത്രി. 67 ശതമാനം വോട്ടെണ്ണിയപ്പോൾ പീറ്റർ മഗ്യാറിന്റെ പാർട്ടിയായ 'തിസ' പാർട്ടി ചരിത്രവിജയത്തിന് തൊട്ടടുത്താണ്. ആകെയുള്ള 199 സീറ്റുകളിൽ മൂന്നിൽ രണ്ടിലും വിജയം നേടി. ഇതുവരെ 137 സീറ്റുകളാണ് പീറ്റർ മഗ്യാറിന്റെ പാർട്ടി പിടിച്ചെടുത്തത്. 51 ശതമാനത്തോളം വോട്ടും നേടി.

ഞായറാഴ്‌ച ഹംഗറിയിൽ നടന്ന തിരഞ്ഞെടുപ്പ് യുൂറോപ്പും അമേരിക്കയും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. ലിബറൽ ജനാധിപത്യത്തിന്റെ സംരക്ഷകനാണ് വിക്‌ടർ ഓർബാൻ എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിക്കാറ്. 'തിരഞ്ഞെടുപ്പ് ഫലം അന്തിമമല്ലെങ്കിലും വ്യക്തവും മനസിലാക്കാവുന്നതുമാണ്. ഞങ്ങൾക്കത് വേദനാജനകമാണ്.' ഓർബൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 2010 മുതൽ ഹംഗറി ഭരിച്ചുവരികയായിരുന്നു 62കാരനായ വിക്‌ടർ ഓർബൻ.

അതേസമയം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ തിസ പാർട്ടിക്ക് ഇനി രാജ്യ‌ത്തെ‌ ഭരണഘടനയിലും മാറ്റം വരുത്താം. മുൻപ് വിക്‌ടർ ഓ‌ർബന്റെ അടുത്ത അനുയായി ആയിരുന്നു പീറ്റർ മഗ്യാർ. ഹംഗറി സമയം വൈകിട്ട് നാലരയോടെ 77.8 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 45കാരനായ മഗ്യാർ അധികാരത്തിലേക്ക് അടുക്കുകയാണ്.