തുർക്കിയോട് ഉഗാണ്ടൻ സേനാ മേധാവി: 100 കോടി ഡോളറും സുന്ദരിയും വേണം
കംപാല: തുർക്കിയോട് വിചിത്ര ആവശ്യം ഉന്നയിച്ച് ഉഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ. ഉഗാണ്ടയ്ക്ക് 100 കോടി ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയേയും നൽകണമെന്നാണ് മുഹൂസിയുടെ ആവശ്യം. 30 ദിവസത്തിനുള്ളിൽ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഭീഷണി മുഴക്കി. ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി. ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ മുഹൂസി കാരണവും പറയുന്നുണ്ട്. ഏകദേശം രണ്ടു പതിറ്റാണ്ടായി ആഫ്രിക്കൻ യൂണിയൻ ദൗത്യത്തിന്റെ ഭാഗമായി സൊമാലിയയിൽ അൽ ഷബാബ് ഭീകരസംഘടനയ്‌ക്കെതിരെ ഉഗാണ്ടൻ സൈന്യം പോരാടുന്നുണ്ട്. എന്നാൽ ഉഗാണ്ട നൽകുന്ന സുരക്ഷയിലൂടെ, തുർക്കി സൊമാലിയയിലെ തുറമുഖങ്ങൾ,വിമാനത്താവളങ്ങൾ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ നിന്ന് ലാഭം കൊയ്യുകയാണത്രെ. ഉഗാണ്ടയുടെ സൈനിക സംഭാവനയ്ക്കുള്ള സുരക്ഷാ ലാഭവിഹിതം എന്ന നിലയ്ക്കാണ് മുഹൂസി പണം ആവശ്യപ്പെട്ടിരിക്കുന്നത്.