പോ മോനും, ഡാഷ് മോനും; മുല്ലപ്പൂ നിഴലും
ചുണ്ടയ്ക്ക കൊടുത്ത് പാവയ്ക്ക വാങ്ങിയതാര്?. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ താരങ്ങളായിരുന്ന രണ്ട് മുഖ്യമന്ത്രിമാരെക്കുറിച്ചാണ് ചോദ്യം. ഒന്ന്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.എന്തായാലും, ആദ്യം വടി കൊടുത്ത് അടി വാങ്ങിയത് രേവന്ത് റെഡ്ഡി തന്നെ. യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗം കൊഴുപ്പിക്കാൻ അദ്ദേഹം 'നരസിംഹം' സിനിമയിലെ നടൻ മോഹൻലാലിന്റെ ഡയലോഗ് വച്ച് കാച്ചി 'നീ പോ മോനേ
വിജയാ. നിങ്ങളുടെ കാലാവധി കഴിഞ്ഞു.' താൻ മുഖ്യമന്ത്രിയാണെന്നോ, പറയുന്നത് 80 വയസായ മുഖ്യമന്ത്രിയെക്കുറിച്ചാണെന്നോ ഓർക്കാത്ത രേവന്ത്,കേരള മുഖ്യമന്ത്രിക്കുള്ള ഔദ്യോഗിക കത്തിലും ആ പരിഹാസം ആവർത്തിച്ചു. വേല വേലായുധനോടോ?. പിണറായി സഖാവ് പിറ്റേന്ന് ചുട്ട മറുപടി നൽകി. 'ഡാഷ് മോനേ ,രേവന്താ'. മറുപടി വരുന്നുണ്ട്.
ഡാഷ് മോനേയെന്ന് ഒരു മുഖ്യമന്ത്രിയെ വിളിക്കാമോ?. അത് അസഭ്യമല്ലേ? പലരും മലയാളം നിഘണ്ടുവിൽ പരതി. ഡാഷെന്ന വാക്കിൽ അസഭ്യ ധ്വനിയൊന്നും കണ്ടില്ല. കേൾക്കുന്നവരുടെ മനോഗതം പോലെ ഡാഷിന് പകരം വാക്ക് ചേർക്കാമെന്ന് പിണറായി. ചിലർ അവർക്ക് തോന്നിയ വാക്ക് ചേർത്തപ്പോൾ കടുത്ത അശ്ലീലമായി. അതിന് പിണറായിയെ പഴിച്ചിട്ട് കാര്യമില്ല. പാവങ്ങളുടെ കൂരകൾ പൊളിക്കുന്ന ബുൾഡോസർ രാജും സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങലും നടക്കുന്ന തെലങ്കാനയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും രാജ്യത്ത് അഴിമതി നടത്തി ജയിലിലായ ഒരേയൊരു മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണെന്നും പിണറായി പറഞ്ഞതോടെ, രേവന്തിന്റെ വയറ് നിറഞ്ഞു. പക്ഷേ, അദ്ദേഹം അടുത്ത ദിവസവും അതാവർത്തിച്ചു. പിണറായിയുടെ ബാക്കി മറുപടി വരാനിരിക്കുന്നതേയുള്ളൂ. 2006ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ നിയമസഭാ തിരഞ്ഞെടുപ്പിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വി.എസിനെ മുത്തച്ഛനെന്ന് വിളിച്ച് കളിയാക്കി. രാഹുലിനെ അമുൽ ബേബിയെന്ന് വി.എസ് പരിഹസിച്ചത് ദേശീയ തലത്തിൽ വാർത്തയായി. രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി വിടതുതെന്ന് രാഹുലിന് അതോടെ ബോദ്ധ്യമായി.
മനുഷ്യൻ അധ:പതിച്ചാൽ മുഗമാവും, മൃഗം അധ:പതിച്ചാൽ കമ്മ്യൂണിസ്റ്റാവുമെന്ന് പണ്ടെങ്ങോ ഡോ. സുകുമാർ അഴീക്കോട് വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസിൻ്റെ ചില സോഷ്യൽ മീഡിയകളിൽ കണ്ടത്. ആലപ്പുഴയിലെ സി.പി.എം സഖാക്കൾ അതിൽ ഒരു വരി കൂടി ചേർത്തു. കമ്മ്യൂണിസ്റ്റ് അധ:പതിച്ചാൽ ജി. സുധാകരനാവും. ആറ് പതിറ്റാണ്ട് കേരളത്തിൽ സി.പി.എമ്മിന്റെ നെടും തൂണുകളിലൊരാളായിരുന്ന ജി.സുധാകരൻ തന്നോടുള്ള പാർട്ടി നേതൃത്വത്തിന്റെ അവഗണനയിലും സീറ്റ് നിഷേധത്തിലും പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചതാണ് പ്രകോപനത്തിന് കാരണം. യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധി അദ്ദേഹത്തെ ത്രിവർണ തൊപ്പിയണിയിച്ചു. ബി.ജെ.പിയുടെ പരോക്ഷ പിന്തുണയും. പക്ഷേ, താൻ മത്സരിക്കുന്നത്
സ്വതന്ത്രനായിട്ടാണെന്നാണ് പഴയ സഖാവ് പറഞ്ഞത്. 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ' എന്ന ഡോ. കെ. അയ്യപ്പപ്പണിക്കരുടെ കവിതാ ശകലമാണ് ഇതിന് മറുപടിയായി ഇടതു സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. എങ്കിൽ, ത്രിവർണ തൊപ്പി വച്ചതെന്തിനെന്ന ചോദ്യത്തിന്,'അത് കോൺഗ്രസിന്റെ വോട്ട് കിട്ടാനായിരുന്നല്ലോ' എന്ന 'നിഷ്കളങ്കമായ' മറുപടിയും.
ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരകം തകർത്ത ദിവസം വെളുപ്പിന് രണ്ട് മണിക്ക് മന്ത്രി സജി ചെറിയാൻ അവിടെ എങ്ങനെ എത്തിയെന്നാണ് ജി.സുധാകരന്റെ ചോദ്യം. സജി ചെറിയാനും അതിൽ പങ്കുണ്ടെന്ന് വ്യംഗ്യാർത്ഥം. ജി.സുധാകരനും അപ്പോൾ അവിടെയുണ്ടായിരുന്നതല്ലേയെന്ന് സജി ചെറിയാൻ്റെ മറുപടി. ജി. സുധാകരനെ പിന്താങ്ങുന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഒടുവിൽ കടലിൽ ചാടി ചാവേണ്ടി വരുമെന്നാണ് സജി ചെറിയാൻ പറയുന്നത്. സുധാകരന്റെ നടപടി ചെറ്റത്തരമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപത്തിൽ പുതുമയില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. പിണറായിയുടെ നികൃഷ്ട ജീവി, പരനാറി തുടങ്ങിയ പഴയ ചില പ്രയോഗങ്ങളാണ് അവർ എടുത്തു കാട്ടുന്നത്. എന്തായാലും,അമ്പലപ്പുഴയിൽ ജി. സുധാകരൻ വിജയിച്ചാൽ അത് പാർട്ടിക്കുള്ള ചുട്ട മറുപടിയും മധുര പ്രതികാരവുമാവുമെന്നതിൽ തർക്കമില്ല. അതാണിപ്പോൾ സഖാക്കളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. എവിടെ തോറ്റാലും അമ്പലപ്പുഴയിൽ പാർട്ടി തോൽക്കാൻ പാടില്ലെന്ന് എം.വി. ഗോവിന്ദൻ മാഷ് പറഞ്ഞും പോയി. തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ?.
ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ ആരാവും മുഖ്യമന്ത്രി?.നേരത്തേ നാലഞ്ച് പേരുകൾ കേട്ടിരുന്നതാണ്. ഇപ്പോഴത് രണ്ടിലൊതുങ്ങി. എങ്കിലും, ഹൈക്കമാൻഡിന്റെ വിലക്കുള്ളതിനാൽ പേര് പറയാൻ പേടി. ആലപ്പുഴക്കാരൻ മുഖ്യമന്ത്രിയാവണമെന്ന് ജില്ലയിലെ ചില നേതാക്കൾ. എറണാകുളം ജില്ലക്കാരനാവണമെന്ന് അവിടത്തെ ഡി.സി.സി പ്രസിഡന്റ്. പേര് പറയില്ല. വേണമെങ്കിൽ പടത്തിൽ തൊട്ടു കാണിക്കാം. ഇരട്ടച്ചങ്കനെപ്പോലും നേരിട്ടിട്ടുണ്ടെന്ന് പറയുന്ന കെ. സുധാകരൻ മാത്രമാണ്, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന അഭിപ്രായം ധൈര‌്യത്തോടെ തുറന്നു പറഞ്ഞത്. നിയമസഭയിൽ നൂറ് സീറ്റോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അല്ലാത്ത പക്ഷം താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശപഥം ചെയ്തിട്ട് മാസങ്ങളായി. ഇടയ്ക്കിടെ അദ്ദേഹം
ആ ശപഥം ജനങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തു. വോട്ടെടുപ്പ് കഴിഞ്ഞ് ഓരോ ജില്ലയിലെയും കണക്കെടുപ്പ് തുടങ്ങിയതോടെ, സതീശൻ എന്തു കൊണ്ടോ നൂറ് എന്ന അക്കത്തിൽ ഉറച്ചു നിൽക്കുന്നില്ല. യു.ഡി.എഫിന് ഭരണം കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസമെന്ന് തിരുത്തി. എന്നാൽ, സതീശന്റെ കാര്യത്തിൽ ഇപ്പോൾ അദ്ദേഹത്തെക്കാൾ ഉത്ക്കണ്ഠ കെ.സുധാകരനാണ്. യു.ഡി.എഫിന് അഥവാ ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ സതീശന് രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ലേ?. അദ്ദേഹം പറഞ്ഞ വാക്ക് പാലിക്കേണ്ടി വരില്ലേ?. അത് സംഭവിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാമെന്ന് സുധാകരൻ പറയുന്നത് ആത്മാർത്ഥമായിട്ടാണോ?. മുഖത്ത് കള്ളച്ചിരി മിന്നി മറയുന്നില്ലേ?.
'നിഴലായ്.... ഒഴുകി വരും ഞാൻ,യാമങ്ങളോളം, കൊതി തീരുവോളം, ഈ നീലരാവിൽ'.'കള്ളിയങ്കാട്ട് നീലി' എന്ന സിനിമയിൽ അർദ്ധ രാത്രിയുടെ നിശബ്ദയാമത്തിൽ കുറുക്കന്മാരുടെ ഓരിയിടലുകളുടെയും മൂങ്ങകളുടെയും ചീവീടുകളുടെയും നീട്ടി മൂളലുകളുടെയും ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിൽ കള്ളിയങ്കാട്ടിലെ പാലമരച്ചുവട്ടിൽ നിന്ന് വെള്ള സാരിയുടുത്ത് ഈ പാട്ടുമായി ഒഴുകിയെത്തുന്ന നീലിയെന്ന യക്ഷിയെ തിയേറ്ററിലെ വെള്ളിത്തിരയിൽ കണ്ട് അന്നത്തെ കുട്ടികൾ പേടിച്ചിരിക്കാം. പക്ഷേ, ഈ നിയമസഭാ വോട്ടെടുപ്പിൻ്റെ തലേന്ന് പാലക്കാട്ട് യക്ഷി ഇറങ്ങി. അതും പട്ടാപ്പകൽ. വെള്ള സാരിക്കു പകരം വെള്ള ചുരിദാർ. തലയിൽ മുല്ലപ്പൂ. വശ്യമായ ചിരി. ഒഴുകിയെത്തിയതല്ല. കാറിലാണ് വരവ്. കാറിൽ നിന്നിറങ്ങിയ യക്ഷി റോഡരികിൽ നിന്ന മുത്തശ്ശിയുടെ അടുത്തേക്ക് നീങ്ങുന്നു. ചുണ്ണാമ്പ് ചോദിച്ചോ എന്നറിയില്ല. മുത്തശ്ശിയുടെ കൈയിൽ എന്തോ കൊടുക്കുന്നു. ഉടനെ നിഴൽ പോലെ മിന്നി മറയുന്നു. പക്ഷേ,ചില ചാനൽ ക്യാമറ കണ്ണുകൾ ഈ ദൃശ്യം ഒപ്പിയെടുത്തു. ഉടനെ ചാനലുകാർ സമീച്ചപ്പോൾ മുത്തശ്ശിയുടെ കൈയിൽ അഞ്ഞൂറിന്റെ ഏതാനും നോട്ടുകൾ.
മരുന്ന് വാങ്ങാൻ താൻ പണം ആവശ്യപ്പെട്ടിരുന്നതായി മുത്തശ്ശി. പക്ഷേ, കൊണ്ട് തന്നയാളെ അറിയില്ല. അല്പമകലെ ഒരു കാറിൽ അതാ പാലക്കാട്ടെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കൂടെ, മറ്റൊരു സ്ത്രീയും.വെള്ള ചുരിദാറുകാരി എത്തിയത് ശോഭാ സുരേന്ദ്രന്റെ കാറിൻ്റെ പിൻ സീറ്റിലിരുന്നല്ലേയെന്ന് ഒരു ചാനലുകാരൻ. ശോഭ അത് നിഷേധിച്ചതോടെ തർക്കമായി. കേസായി. പക്ഷേ, ആ വെള്ള ചുരിദാറുകാരിയെ പിന്നീട് കണ്ടവരില്ല.
നുറുങ്ങ്:
സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 1100 പിന്നിട്ടെന്ന് റിപ്പോർട്ട്.
♦ ആയിരത്തിയൊരുന്നൂറ് ബാറ് കൊണ്ട് നാടാകെ പൊന്നോണം.
( വിദുരരുടെ ഫോൺ:9946108221)