ഇടത്തോട്ടോ വലത്തോട്ടോ

Tuesday 14 April 2026 12:14 AM IST

വോട്ടെടുപ്പ് കഴിഞ്ഞു. ചുരത്തിന് മുകളിലുളള കൊച്ച് ജില്ലയായ വയനാട് ഇടത്തോട്ടോ വലത്തോട്ടോ? മുന്നണികൾ വിജയ പ്രതീക്ഷയുമായി കൂട്ടലും കിഴിക്കലും ഹരിക്കലുമായി കഴിയുകയാണ്. ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞാൽ ജില്ല ആര് ഭരിക്കുമെന്നറിയാം. ഇടത്തോട്ടോ-വലത്തോട്ടോ?. എങ്ങോട്ട് പോയാലും ജില്ലയിൽ കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് പുതുതായി വന്ന 34,996 പേരായിരിക്കും വിധി നിർണയത്തിൽ നിർണായകമാവുക.

ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലുമായി 6,43,625 വോട്ടർമാരാണുള്ളത്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 2021-ൽ 2,20642 വോട്ടർമാരാണുണ്ടായത്. ഇതിൽ 1,67432 പേർ വോട്ട് രേഖപ്പെടുത്തി. 75. 88 ശതമാനമായിരുന്നു പോളിംഗ്. 2026 ആയപ്പോഴേക്കും 2,25,329 വോട്ടർമാരായി ഉയർന്നു. ഇതിൽ 1,73,975 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 77.21 ശതമാനം. 6543 പേരാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അധികമായി വോട്ട് ചെയ്തത്. അതുപോലെ കൽപ്പറ്റ മണ്ഡലത്തിൽ 2021-ൽ 2,01192 വോട്ടർമാരാണുണ്ടായത്. ഇതിൽ 1,52209 പേരാണ് വോട്ട് ചെയ്തത്. 75.6 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 2,12881 വോട്ടർമാരായി. 1,71,045 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 80.35 ശതമാനമാണ് പോളിംഗ്. 18836 വോട്ടർമാരാണ് 2021-നെ അപേക്ഷിച്ച്അധികമുള്ളത്. മാനന്തവാടി മണ്ഡലത്തിൽ 2021-ൽ 1,95,326 വോട്ടർമാരാണുള്ളത്. ഇതിൽ 1,52,581 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 78.12 ശതമാനം. ഇത്തവണയത് 205415 വോട്ടർമാരിലേയ്ക്ക് ഉയർന്നു. വോട്ട് ചെയ്തവരുടെ എണ്ണം 1,62,198. 78.96 ശതമാനം. 9617 പേരാണ് ഇത്തവണ അധികമായിവോട്ട് രേഖപ്പെടുത്തിയത്.

മൂന്ന് മണ്ഡലങ്ങളിലും മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അധികമായി വന്ന വോട്ടർമാരാണ് മണ്ഡലങ്ങളിലെ വിധിയെഴുതുക. പുതുതായി എത്തിയ വോട്ടർമാർ നിർണായകമാകുമെന്ന് മുന്നണികൾ പറയുമ്പോഴും കണക്കുകൾ നിരത്തി വിജയ പ്രതീക്ഷ വെച്ചു പുലർത്തുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും. കഴിഞ്ഞ തവണ എൽ.ഡി.എഫിന് നഷ്ടപ്പെട്ട എട്ട് സീറ്റുകൾ കോൺഗ്രസിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് എൽ.ഡി.എഫ് പറയുമ്പോൾ അതിൽ വയനാട്ടിൽ നിന്നുള്ള രണ്ട് സീറ്റുകളും ഉൾപ്പെടുന്നു.

എസ്.ഐ.ആറിൽ നടന്ന ശുദ്ധീകരണം

പോളിംഗ് ശതമാനത്തിന്റെ വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് ജില്ലയിലെ മൂന്ന് സീറ്റിൽ രണ്ടെണ്ണം നിലനിർത്തുകയും ഒരെണ്ണം തിരിച്ചുപിടിക്കുകയും ചെയ്യുമെന്ന് യു.ഡി.എഫ് പറയുന്നത്. അതേസമയം പോളിംഗ് ശതമാനം വർദ്ധിച്ച 2006-ൽ മൂന്ന് സീറ്റും ഇടതുമുന്നണി നേടിയ കാര്യം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വിജയ പ്രതീക്ഷ വെച്ചുപുലർത്തുന്നത്. എസ്.ഐ.ആറിൽ നടന്ന ശുദ്ധീകരണം ചില വിഭാഗങ്ങളെ കൂട്ടത്തോടെ വോട്ട് ചെയ്യാൻ നിർബന്ധിതരാക്കിയതായാണ് അറിയാൻ കഴിയുന്നത്. അതിൻ്റെ അനന്തരഫലമാണ് പോളിംഗ് ശതമാനം വ‌ർദ്ധിച്ചതെന്നാണ് നിഗമനം. എന്ത് തന്നെയായാലും വിധി നി‌ർണയത്തിൽ പുതുതായി എത്തിയ വോട്ടർമാർ നിർണായക ശക്തിയായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എൽ.ഡി.എഫും യു.ഡി.എഫും വിജയ പ്രതീക്ഷ വെച്ചുപുലർത്തുമ്പോൾ എൻ.ഡി.എ ജില്ലയിൽ ശക്തമായ മുന്നേറ്റം തന്നെ നടത്തി, ബത്തേരി മണ്ഡലത്തോടൊപ്പം എ ക്ലാസിലേയ്ക്ക് മാനന്തവാടിയേയും എത്തിക്കുമെന്നാണ് എൻ.ഡി.എ പറയുന്നത്.

മുന്നണികളെല്ലാം വിജയ പ്രതീക്ഷയുമായി രംഗത്തിറങ്ങിയിട്ടുണ്ടങ്കിലും ഇതുവരെ പ്രചാരണ വിഷയമായി കൊണ്ടുനടന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുന്നണികൾ കൈവിട്ടിരിക്കുകയാണ്. രാത്രി യാത്ര നിരോധനം, റെയിൽവേ, ബൈരകുപ്പപാലം, ചൂരൽമല ദുരന്തം പുനരധിവാസം, വന്യമ‌ൃഗശല്യം, മെഡിക്കൽ കോളേജ്, ഗവ. കോളേജ് തുടങ്ങിയ വിഷയങ്ങളായിരുന്നു തിരഞ്ഞെടുപ്പിൽ മുന്നണികൾ പ്രധാനമായും എടുത്ത് കാട്ടിയത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇതെല്ലാം മുന്നണികൾ വിസ്മരിച്ചു കഴിഞ്ഞു. സിനിമാ ഡയലോഗ് പോലെ എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് എന്ന ഒഴുക്കൻ മറുപടിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഒരു പ്രമുഖ നേതാവ് പറഞ്ഞത്. ഇതേ മറുപടി തന്നെയാണ് മറ്റ് മുന്നണികൾക്കും പറയാനുണ്ടാവുക. തിരഞ്ഞെടുപ്പിന് വാരിക്കോരി വാഗ്ദാനങ്ങൾ നൽകിയ മുന്നണികൾക്ക് ഇനി അടുത്ത അ‌ഞ്ച് വർഷമാകുമ്പോഴേയ്ക്കും ഈ വിഷയത്തിന്റെ കൂടെ പുതിയ വിഷയം പ്രചാരണത്തിനായി ഉണ്ടാവും. രാത്രി യാത്ര നിരോധനവും റെയിൽവേയും ബൈരകുപ്പപാലവുമെല്ലാം ഒന്നര പതിറ്റാണ്ടു മുതൽ മൂന്ന് പതിറ്റാണ്ടുവരെ പിന്നിട്ട പ്രശ്നങ്ങളാണ്. ഇതെല്ലാം ലൈവായി നിർത്തി കൊണ്ടുപോയെങ്കിൽ മാത്രമേ അടുത്ത തിരഞ്ഞെടുപ്പിലും പ്രചാരണ ആയുധമായി മുന്നണികൾക്ക് പരസ്പരം ഉപയോഗിക്കാൻ കഴിയൂ.

പാലം വലിക്കുമോ

മുന്നണികൾ പരസ്പരം വിജയ പ്രതീക്ഷ വെച്ച് പുലർത്തുമ്പോഴും പാലം വലി നടക്കുമോ എന്ന ശങ്ക ചിലർക്കെങ്കിലും ഇല്ലാതില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളാണ് ചില മുന്നണി സ്ഥാനാ‌ർത്ഥികൾക്ക് വിനയായത്. പാർട്ടിയിൽ അസംതൃപ്തരായ ഇക്കൂട്ടരെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിലേയ്ക്ക് അടുപ്പിക്കാനായില്ല എന്നതാണ് ശങ്കയ്ക്ക് കാരണം. സമുദായികമായ അവഗണന മുതൽ വ്യക്തിപരമായ ആരോപണങ്ങൾ പരിഹരിക്കാനാകാത്തതും ചിലർക്കെല്ലാം പ്രശ്നമായി മാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ചുരുങ്ങിയ ദിവസമാണ് പ്രചാരണത്തിന് കിട്ടിയത്. അപ്പോൾ നാല് വോട്ട് പിടിക്കാൻ പോവുകയോ അതോ വിട്ട് നിൽക്കുന്നവരെ അടുപ്പിക്കാൻ പോവുകയാണോ വേണ്ടതെന്നാണ് ഒരു മുന്നണി നേതാവിന്റെ രസകരമായ മറുപടി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുപ്പായം ഇട്ടത് പോലെ ഇല്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കുറച്ചെങ്കിലും പേർ കുപ്പായം ഇട്ടിരുന്നു. സീറ്റ് ലഭിക്കുമെന്ന് കരുതിയവർ കോൺഗ്രസിലാണ് ഏറെയും ഉണ്ടായിരുന്നത്. പക്ഷെ അവർക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലാതെ പോയി. ഇപ്പോൾ പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ. പത്ത് ഫ്ലക്സ് വെക്കണമെങ്കിൽ തന്നെ എന്താ ചിലവ്?. ഇത് ആര് വഹിക്കും. ജയിച്ച് അങ്ങ് അനന്തപുരിയിലേക്ക് പോകാനൊന്നുമല്ല കാശ് ഉണ്ടാക്കാൻ തന്നെയാണ്. കാശാണല്ലോ വിഷയവും. അതിന് വേണ്ടിയാണല്ലോ ഈ കളികളൊക്കെ. ആദർശമൊക്കെ അങ്ങ് പണ്ട്.

വാൽക്കഷ്ണം: പണ്ട്, പണ്ടാണ്. വയനാട്ടിൽ ഒരു വലിയ പ്ലാന്റർ ഉണ്ടായിരുന്നു. നോക്കെത്താ ദൂരത്തായി പരന്ന് കിടക്കുന്ന എസ്റ്റേറ്റ് മുതലാളി. വീണ് കിടക്കുന്ന കാപ്പിക്കുരുവും കുരുമുളകും പറിച്ച് വിറ്റാൽ തന്നെ വലിയൊരു ജന്മിയാകാം. എന്തിനും ഏതിനും ഫണ്ട് പിരിവിനായി എസ്റ്റേറ്റിലേക്കാണ് രാഷ്ട‌്രീയക്കാർ എത്താറ്. ഫണ്ട് കൊടുത്ത് മടുത്തു. ഒരു പാർട്ടിയുട‌െ തന്നെ പല നേതാക്കൾ വണ്ടിയും പിടിച്ച് എസ്റ്റേറ്റിലേക്ക് വരും. ചോദിക്കുമ്പോൾ ഇല്ലെന്ന് പറയാൻ പാവം അദ്ദേഹത്തിന് അറിയില്ല. ഒരു ശുദ്ധൻ. ഈ ഫണ്ട് പിരിവ് നിർത്താൻ എന്ത് വഴി?. ഇരുന്നും കിടന്നും കുറെ ആലോചിച്ചു. ഒടുവിൽ വഴി കണ്ടെത്തി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുക. അങ്ങനെ അദ്ദേഹവും സ്ഥാനാർത്ഥി ആകാൻ തുടങ്ങി. സ്ഥാനാർത്ഥി ആകുമ്പോൾ ആരും കാശ് ചോദിക്കാൻ വരില്ലല്ലോ?‌. കെട്ടി വച്ച കാശല്ലേ പോവൂ. എന്നാലും അത് തന്നെ ലാഭം. അങ്ങനെയാണ് അദ്ദേഹവും ഒരു സ്ഥിരം സ്ഥാനാർത്ഥിയായി മാറി. ഒരു സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. എന്താല്ലേ?