വിമര്‍ശിക്കുന്ന മാര്‍പാപ്പയെ ആവശ്യമില്ലെന്ന് ട്രംപ്; യുദ്ധത്തിനെതിരെ ഇനിയും സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍

Monday 13 April 2026 8:44 PM IST

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മാര്‍പാപ്പ. ട്രംപിനോട് ഒരു തര്‍ക്കം താന്‍ ആഗ്രഹിക്കുന്നില്ലെന്നും തുടര്‍ന്നും യുദ്ധത്തിനെതിരെ സംസാരിക്കുക തന്നെ ചെയ്യുമെന്നും ലിയോ പതിനാലാമന്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കിടെ സമാധാനം പ്രോത്സാഹിപ്പിക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുമാണ് തന്റെ ശ്രമമെന്നും അദ്ദേഹം മറുപടി നല്‍കി.

യുദ്ധം കാരണം നിരവധി ആളുകള്‍ സമാധാനമില്ലാതെ കഷ്ടപ്പെടുന്നുണ്ട്. നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ ഇതല്ല പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് ആരെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള 11 ദിവസത്തെ സന്ദര്‍ശനത്തിനായി അള്‍ജീരിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാര്‍പാപ്പയുടെ പ്രതികരണം. ഇറാനില്‍ അമേരിക്ക നടത്തുന്ന ആക്രമണത്തേയും യുദ്ധത്തേയും മാര്‍പാപ്പ വിമര്‍ശിച്ചത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു.

തന്നെ വിമര്‍ശിക്കുന്ന ഒരു പോപ്പിനെ ആവശ്യമില്ലെന്ന കടുത്ത വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. വത്തിക്കാന്റെ സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും ട്രംപ് ഭരണകൂടത്തെ താന്‍ ഭയപ്പെടുന്നില്ലെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ മറുപടി നല്‍കി. മാര്‍പാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുന്നയാളാണെന്നും വിദേശനയത്തിന്റെ കാര്യത്തില്‍ വളരെ മോശമാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.