താനെയിൽ വാഹനാപകടം: ട്രക്കും വാനും കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം

Monday 13 April 2026 8:53 PM IST

താനെ: അമിതവേഗതയിലെത്തിയ ട്രക്കും വാനും കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലുള്ള കല്യാൺ- മുർബാദ്‌-മൽഷെജ് ഹൈവേയിൽ ഇന്ന് രാവിലെ 10.45ഓടെയായിരുന്നു അപകടം. എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അപകടത്തിൽപ്പെട്ടത്. വാനിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കല്യാണിൽ നിന്ന് മുർബാദിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വാൻ എതിർദിശയിൽ നിന്ന് വന്ന ട്രാൻസിറ്റ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. യാത്രക്കാർ വാനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നായിരുന്നു മൃതദേഹങ്ങൾ പുറത്തെടുത്തത്.

ആറ് പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന വാനിൽ ഡ്രൈവർ അടക്കം 11 പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഹൈവേയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡിന്റെ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. പ്രദേശത്ത് 70 മുതൽ 100 രൂപ വരെ വാങ്ങി നിയമവിരുദ്ധമായി ഷട്ടിൽ സർവീസ് നടത്തുന്ന വാനാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.