നിലമേൽ കോരക്കുളം നടപ്പാത നവീകരണം പാളി
നെയ്യാറ്റിൻകര: ടൗൺ നിവാസികൾക്ക് രാവിലെയും വൈകിട്ടുമുള്ള നടത്തത്തിനായി പുതുക്കിപ്പണിത നിലമേൽ കോരക്കുളം നടപ്പാത നവീകരണം പാളി. കുളത്തിന് ചുറ്റുമുള്ള ചെമ്മൺപാത നവീകരിച്ച് ഇന്റർലോക്ക് ചെയ്തെങ്കിലും വർഷംതോറുമുള്ള അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ ഇന്റർലോക്ക് പൊട്ടുകയും ചുറ്റും കാടും പടർപ്പും കയറി നാശേന്മുഖമായി തീർന്നു. പാതയ്ക്ക് ഒപ്പം പണിത ഇരുമ്പു ഹാൻഡിലുകളും തുരുമ്പ് കളഞ്ഞ് പെയിന്റടിക്കാത്തതിനാൽ തുരുമ്പെടുത്തു.
അതേസമയം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പെട്ട് നഗരസഭാ പ്രദേശത്തെ നെയ്യാറിന് തീരത്തുള്ള ഏതാണ്ട് ഇരുന്നൂറിലേറെ വീട്ടുകാരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് നിലമേൽ കോരക്കുളം നവീകരിച്ച് കുട്ടികളെ നീന്തൽ പഠിപ്പിക്കാമെന്ന ആശയം ഉദിച്ചത്.
നീന്തൽ പരിശീലനവും പാളി
2019ൽ 4,99,500രൂപ മുടക്കിയാണ് കുളത്തിന് ചുറ്റും ആധുനിക രീതിയിൽ നവീകരിച്ചത്. നെയ്യാറ്റിൻകര നഗരസഭ തനത് ഫണ്ടിൽ നിന്നും തുക ചെലവിട്ടാണ് കുളം നവീകരിച്ചത്.
തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കാൻ സംവിധാനം ചെയ്തെങ്കിലും അതും പാളി. തുടക്കത്തിൽ അൻപതിലേറെ വിദ്യാർത്ഥികൾ നീന്തൽ പഠിക്കാനെത്തിയിരുന്നു. അദ്ധ്യാപകർക്ക് വേതനം നൽകാത്തതും നീന്തൽ പഠിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാത്തതും കാരണം തുടർ വർഷങ്ങളിൽ വിദ്യാർത്ഥികൾ എത്താതായി.
കുളം കർഷകരുടെ ആശ്രയം
പനങ്ങാട്ടുകരി പ്രദേശത്തെ ഏതാണ്ട് നൂറിലേറെ ഹെക്ടർ ഭൂമിയിലെ കാർഷിക ആവശ്യത്തിനും നിലമേൽ കോരക്കുളത്തിലെ ജലമാണ് കർഷകരുടെ ആശ്രയം. നിലമേൽ കോരക്കുളം നീന്തൽ കുളമായി നവീകരിക്കുകയും രാവിലെയും വൈകിട്ടുമുള്ള നടത്തക്കാർക്കായി നടപ്പാത ഉപയോഗയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.