പൊൻമുടി വീണ്ടും ഉണരുന്നു
വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ വീണ്ടും സഞ്ചാരികളെത്തിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളടങ്ങുന്ന അനവധി കുടുംബങ്ങൾ പൊൻമുടിയുടെ സൗന്ദര്യം നുകരുവാനെത്തി. ആഴ്ചകൾക്ക് ശേഷം പൊൻമുടിയും പരിസരവും വാഹനങ്ങളാൽ നിറഞ്ഞു. വനംവകുപ്പിന് മികച്ച വരുമാനവും ലഭിച്ചു. ഒരാഴ്ച മുൻപ് വരെ പൊൻമുടിയിൽ പൊരിവെയിലായിരുന്നു. രണ്ട് മാസമായി മഴ പെയ്യാത്തതുമൂലം ചൂടിന്റെ കാഠിന്യം അനുദിനം വർദ്ധിക്കുകയായിരുന്നു. പൊൻമുടിയും പരിസരവും വരണ്ടുണങ്ങി. കുടിവെള്ളക്ഷാമവും നേരിട്ടു. മാത്രമല്ല പൊള്ളുന്ന ചൂട് മൂലം സഞ്ചാരികളുടെ എണ്ണവും വളരെ കുറഞ്ഞു. സാധാരണ ഈ സമയങ്ങളിൽ പൊൻമുടിയിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. പതിവിന് വിപരീതമായി ഈവർഷം കൊടിയ വേനൽച്ചൂട് അനുഭവപ്പെട്ടതോടെയാണ് സഞ്ചാരികൾ പൊൻമുടിക്ക് നേരേ മുഖം തിരിച്ചത്. ഇതോടെ വനം വകുപ്പിന് പാസ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയും നഷ്ടമായി. അവധിക്കാലമായതിനാൽ ഇനി മേയ് അവസാനം വരെ പൊൻമുടിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തും.
അനുഗ്രഹമായി വേനൽമഴ
പൊൻമുടിയിൽ നിലവിൽ മിക്ക ദിവസവും വൈകിട്ട് വേനൽമഴ പെയ്യുന്നുണ്ട്. പൊരിവെയിലിൽ പൊള്ളുന്ന പൊൻമുടിയിൽ മൂന്ന് ദിവസം തുടർച്ചയായി മഴ പെയ്തതോടെ ചൂടിന് ശമനം വരികയും, വീണ്ടും മഞ്ഞ് വീഴ്ച അനുഭപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് സഞ്ചാരികൾ എത്തിത്തുടങ്ങിയത്. പൊൻമുടിക്ക് പുറമേ വിതുര മേഖലയിലെ കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടം, പേപ്പാറ, ബോണക്കാട്, ചാത്തൻകോട്, ചീറ്റിപ്പാറ, വാഴ്വാൻതോൽ വെള്ളച്ചാട്ടം എന്നീ ടൂറിസം മേഖലകളിലും ധാരാളം സഞ്ചാരികളെത്തുന്നുണ്ട്.