ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കും; അമേരിക്കന്‍ ഉപരോധത്തിനിടെയിലും ഇറാന്റെ ഉറപ്പ്

Monday 13 April 2026 10:07 PM IST

ടെഹ്‌റാന്‍: ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധത്തിനിടെയും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഉറപ്പ് നല്‍കി ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യക്കായി സുരക്ഷിത പാത ഒരുക്കുമെന്നാണ് ഉറപ്പ്. കടലിടുക്ക് ഇന്ത്യക്കായി തുറന്നിടുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ സൗഹൃദ രാജ്യമായി കണക്കിലാക്കിയിട്ടുള്ള അഞ്ച് പേരില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നും ഫത്താലി പറഞ്ഞു.

ഇന്ത്യന്‍ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാന്‍ ഇരു സര്‍ക്കാരും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ ഉപരോധം ശക്തമാകുന്ന സാഹചര്യത്തിലും ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുമെന്ന ഉറപ്പാണ് ഇറാന്‍ നല്‍കുന്നത്. ഹോര്‍മുസിലെ ഉപരോധം ലോക സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഇറാന്‍ നല്‍കുന്നത്. ലോകത്തിന്റെ ആവശ്യത്തിനുള്ള ഊര്‍ജത്തിന്റെ അഞ്ചില്‍ ഒന്നും ഇതുവഴിയാണ് കടന്ന് പോകുന്നത്.

അതേസമയം, ഒരു കപ്പലും ഹോര്‍മുസ് വഴി കടന്ന് പോകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. പൂര്‍ണമായ ഉപരോധം ആരംഭിച്ചുവെന്നും ഇറാനെ പാഠം പഠിപ്പിക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ ഇതിന് മറുപടിയുമായ ഇറാന്‍ രംഗത്ത് വന്നു. അമേരിക്കയെ ഭയക്കില്ലെന്നും ഹോര്‍മുസിനെ ഒന്നായി ഉപരോധിക്കാനുള്ള ശേഷം അമേരിക്കയ്ക്ക് ഇല്ലെന്നുമാണ് ഇറാന്റെ പരിഹാസം.