മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്കൂൾ കെട്ടിടത്തിന് നഗരസഭ ഫിറ്റ്നസില്ല

Tuesday 14 April 2026 11:10 PM IST

ആറ്റിങ്ങൽ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്കൂൾ മന്ദിരത്തിന് അഞ്ച് വർഷം കഴിഞ്ഞിട്ടും നഗരസഭ ഫിറ്റ്നസില്ല.അവനവഞ്ചേരി ഗവ.ഹൈസ്കൂളിനാണ് ഈ ദുർഗതി.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 2021 ഫെബ്രുവരി 18നാണ് മുഖ്യമന്ത്രി ഓൺലൈനായി സ്കൂളിലെ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്.

സ്ഥലപരിമിതിമൂലം ഷിഫ്ട് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിച്ചിരുന്ന സമയത്താണ് ഉദ്ഘാടനം നടന്നത്.കിഫ്ബിയിൽ നിന്ന് 3.91 കോടി രൂപ ചെലവിട്ട് നിർമ്മിച്ചതാണ് ബഹുനില കെട്ടിടം.5 ക്ലാസ് മുറികളുള്ള രണ്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് പുതിയ നാലുനില കെട്ടിടം നിർമ്മിച്ചത്.

2018 സെപ്തംബർ 5ന് തറക്കല്ലിട്ടു. കെട്ടിട നിർമ്മാണത്തിന്റെ പ്ലാൻ നഗരസഭ അംഗീകരിച്ചിരുന്നു. ഉദ്ഘാടനത്തിനുശേഷമാണ് നഗരസഭ മരാമത്ത് വിഭാഗം സുരക്ഷയുടെ പേരിൽ എതിർപ്പുമായി രംഗത്തെത്തിയത്. കെട്ടിടത്തിന്റെ ഇരുവശങ്ങളിലും കോവണിയില്ലെന്നാണ് അധികൃതരുടെ കണ്ടെത്തൽ.നിലവിൽ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മാത്രമാണ് കോവണിയുള്ളത്.മറുവശത്ത് പുതിയതായി ഒരു കോവണി കൂടി നിർമ്മിക്കാൻ വേണ്ട ഫണ്ടും കണ്ടെത്താൻ കഴിയാത്തതാണ് ഫിറ്റ്നസ് ലഭിക്കാൻ 5 വർഷത്തെ കാലതാമസമുണ്ടായത്.നഗരസഭയുടെ ഫിറ്റ്നസ് ലഭിക്കാത്തതിനാൽ കെട്ടിട നമ്പരും കിട്ടിയിട്ടില്ല.