എൽനിനോ, 55 ഡിഗ്രി... കൊടുംചൂടിനേക്കാൾ പൊള്ളിച്ച് നുണ..!
തൃശൂർ: എൽനിനോ പ്രതിഭാസം, മേയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും, മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കും... കൊടുംചൂടിനേക്കാൾ പൊള്ളലേൽപ്പിക്കുകയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ നുണസന്ദേശങ്ങൾ. 'എൽനിനോ' നിശബ്ദമായി ജീവൻ കവർന്നേക്കുമെന്നും മേയിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നുമുള്ള മെസേജുകളാണ് സിവിൽ ഡിഫൻസ് വകുപ്പിന്റെ പേരിൽ പ്രചരിപ്പിക്കുന്നത്. ആരോഗ്യവാന്മാർക്കും ഹീറ്റ് സ്‌ട്രോക്ക് മൂലം മരണം സംഭവിക്കാമെന്നും സന്ദേശങ്ങളിലുണ്ട്. പ്രചാരണം സത്യമെന്ന് കരുതി ഭീതിയിലാകുന്നവരുണ്ട്. കാലാവസ്ഥാ സംബന്ധമായ ഔദ്യോഗിക അറിയിപ്പും മുന്നറിയിപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകൾ, വെബ്‌സൈറ്റ് എന്നിവയിലാണ് പ്രസിദ്ധീകരിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രിയാകുമെന്ന പ്രവചനം ഒരു വകുപ്പും പുറത്തിറക്കിയിട്ടില്ല.
എന്താണ് എൽനിനോ?
മദ്ധ്യ പൂർവ പസഫിക് സമുദ്രഭാഗങ്ങൾ അസാധാരണമായി ചൂടേറുന്ന അവസ്ഥയാണ് എൽനിനോ. ഉയർന്ന താപനിലയുള്ള സമുദ്ര ഉപരിതലം അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കും. ഇത് മൺസൂൺ കാറ്റുകളെ ദുർബലമാക്കും. തെക്കു കിഴക്കേ ഏഷ്യൻ രാജ്യങ്ങളിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മഴക്കുറവിനും തുടർന്ന് വരൾച്ചയ്ക്കും കാരണമാകുന്ന എൽനിനോ മറ്റ് ചില രാജ്യങ്ങളിൽ കനത്തമഴയ്ക്കും പ്രളയത്തിനും വഴിവയ്ക്കുന്നു.
തീരങ്ങളിലെ ഈർപ്പം ചൂട് കൂട്ടും
വേനലിൽ സാധാരണയായി ഉയരുന്ന താപനിലയ്‌ക്കൊപ്പം ഉയർന്ന ഈർപ്പവും കൂടിയാകുമ്പോൾ തീരപ്രദേശത്ത് അനുഭവപ്പെടുന്ന ചൂട് നാലോ അഞ്ചോ ഡിഗ്രി കൂടിയ നിലയിലാകും. വായുവിൽ ഈർപ്പം കൂടുതലായാൽ ശരീരത്തിലെ വിയർപ്പ് വറ്റില്ല. ചൂട് പുറത്തേക്ക് വിട്ട് തണുപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരും. അതേസമയം, മലമ്പ്രദേശങ്ങളിൽ ഈർപ്പം കുറയും. അതുകൊണ്ട് ചൂട് കുറവുളളതായി തോന്നും. എന്നാൽ, അൾട്രാവയലറ്റ് ഇൻഡക്‌സ് മലയോരങ്ങളിൽ കൂടും.
തൃശൂരിലെ കുറഞ്ഞ/കൂടിയ താപനില (ഡിഗ്രി സെൽഷ്യസിൽ)
ഇന്ന് 36/26 നാളെ 35/26 വ്യാഴം 34/26 വെള്ളി 35/26 ശനി 36/26
സാദ്ധ്യതകൾ:
- രാജ്യത്തിന്റെ പലഭാഗത്തും ഉഷ്ണതരംഗ സാദ്ധ്യത
- ഹിമാചലിലും ഉത്തരേന്ത്യയിലും താപനിലയുയർന്നേക്കും
- തെക്കേഇന്ത്യയിൽ ചൂട് കൂടിയാലും വേനൽമഴ തുണയാകും
- മഴകുറഞ്ഞാൽ കൃഷി, ജലവിതരണം, വൈദ്യുതി പ്രതിസന്ധി
തെറ്റായ സന്ദേശങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ല. അസാധാരണ സാഹചര്യമില്ല. ചൂടിനെ പ്രതിരോധിക്കാനുള്ള മുൻകരുതൽ എടുക്കുകയെന്നതാണ് പ്രധാനം.
ഡോ.ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ.