'ആനക്കട' ഇനി ഒാർമ്മയിൽ

Tuesday 14 April 2026 12:42 AM IST

ചേർപ്പ്: അര നൂറ്റാണ്ടിലേറെയായി ഭക്ഷണപ്രേമികൾക്ക് സുപരിചിതമായ 'ആനക്കട' ഒാർമ്മകളിലേക്ക് മടങ്ങി. തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ പ്രവർത്തിച്ചിരുന്ന തിരുവുള്ളക്കാവിലെ ആനക്കട എന്ന ഹോട്ടലാണ് ഇന്നലെ മുതൽ പ്രവർത്തനം അവസാനിപ്പിച്ചത്. നാനൂറോളം ആനച്ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഹോട്ടൽ. മൈമ്പിള്ളി വീട്ടിൽ നാരായണൻ എഴുത്തച്ഛൻ 1972ൽ തുടങ്ങിയ ചായക്കടയിൽ ദോശ, ഇഡ്‌ലി, നെയ് റോസ്റ്റ്, മസാല ദോശ, കൊള്ളിക്കറി എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ. 30 വർഷമായി മകൻ രാജുവാണ് ഹോട്ടൽ നടത്തിയിരുന്നത്. തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ദർശനത്തിനും എഴുത്തിനിരുത്താനും എത്തുന്നവർ ദർശനം കഴിഞ്ഞാൽ ഇവിടെയെത്തി ഭക്ഷണം കഴിക്കുക പതിവാണ്.

ജോലിക്കാരെ കിട്ടാത്തതും നിലവിൽ ജോലി ചെയ്യുന്നവരിൽ പലർക്കും അവശത അനുഭവപ്പെട്ട സാഹചര്യത്തിലുമാണ് ഹോട്ടൽ നിറുത്താൻ കാരണമെന്ന് ഉടമ പറയുന്നു. വി.എം.സുധീരൻ, സംവിധായകൻ സത്യൻ അന്തിക്കാട്, നടൻ ജയരാജ് വാര്യർ ഉൾപ്പെടെ രാഷ്ട്രീയ ചലച്ചിത്ര രംഗത്തുള്ളവരും ആനക്കടയിൽ എത്താറുണ്ട്.