അനധികൃത വാടക വാഹന കേന്ദ്രത്തിൽ റെയ്ഡ്: 65 സ്കൂട്ടറുകളും 4 കാറുകളും പിടിച്ചെടുത്തു
Tuesday 14 April 2026 12:44 AM IST
തിരുവനന്തപുരം: അനധികൃതമായി ഇരുചക്രവാഹനങ്ങളും കാറുകളും വാടകയ്ക്ക് നൽകുന്ന കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തി.65 സ്‌കൂട്ടറുകളും 4 കാറുകളുമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.സാധാരണ സ്വകാര്യ രജിസ്‌ട്രേഷനാണ് എല്ലാ വാഹനങ്ങൾക്കുമുണ്ടായിരുന്നത്. സ്വകാര്യ വായ്പ നൽകി തിരികെ അടയ്ക്കാതെ പിടിച്ചെടുക്കുന്ന വാഹനങ്ങളാണ് നിയമങ്ങൾ പാലിക്കാതെ വാടകയ്ക്ക് നൽകുന്നതെന്നാണ് ആരോപണം. പഴവങ്ങാടിക്ക് സമീപമുള്ള ഹോട്ടലുകളുടെ പിന്നിലെ ഒഴിഞ്ഞ സ്ഥലത്താണ് വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. കൂടാതെ ക്യാനുകളിലാക്കി പെട്രോളും ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് സുരക്ഷ പ്രശ്‌നവും ഉയർത്തുന്നുണ്ട്. ചില ക്രിമിനൽ സംഘങ്ങളാണ് ഇത്തരം അനധികൃത വാടക വാഹന ഇടപാടിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഡാൻസാഫും ഫോർട്ട് പോലീസും പരിശോധന നടത്തിയത്.