പെട്രോൾ പമ്പ് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്നു

Tuesday 14 April 2026 12:46 AM IST

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്നു.ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.മോഷണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.

സംഭവ സമയത്ത് പമ്പിൽ ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.ഇയാളുടെ ശ്രദ്ധ വെട്ടിച്ചാണ് മോഷ്ടാവ് ഓഫീസ് മുറിയിൽ കടന്നത്.തുടർന്ന് സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് മേശയും അലമാരയും കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപയാണ് മോഷ്ടിച്ചത്. തുടർന്ന് ബാഗിൽ പണവുമായി പുറത്തിറങ്ങിയ മോഷ്ടാവ് ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു.

മൂന്ന് ദിവസം ഇന്ധനം വിറ്റ തുകയാണ് അലമാരയിലുണ്ടായിരുന്നതെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു.മുൻപും ഇതേ പമ്പിൽ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.വേണ്ടത്ര സുരക്ഷയില്ലാത്ത ഓഫീസ് മുറിയിൽ പണം സൂക്ഷിക്കരുതെന്ന് നേരത്തെ തന്നെ പമ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നതാണെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.