തിരഞ്ഞെടുപ്പ് ഗോദയിൽ ആർജി കർ ഇരയുടെ മാതാവ്, 'രാഷ്‌ട്രീയപ്പോരല്ല, മകൾക്ക് നീതി തേടി'
തയ്യൽക്കാരനായ ശേഖർ രഞ്ജൻ ദേബ്‌നാഥ് കഷ്ടപ്പെട്ട് നിർമ്മിച്ച ഇരുനില കോൺക്രീറ്റ് വീടിന്റെ പുറത്ത് അഭിമാനത്തോടെയാണ് റെസ്‌പിറേറ്ററി മെഡിസിനിൽ എം.ഡി ചെയ്യുന്ന മകളുടെ പേരിനൊപ്പം ഡോക്‌ടർ എന്ന ബോർഡ് വച്ചത്. വീടിനു മുന്നിൽ ഇപ്പോൾ മറ്റൊരു ബോർഡുണ്ട്... 'പീഡകർക്ക് ഇവിടെ പ്രവേശനമില്ല'
2024 ആഗസ്റ്റ് 9ന് കൊൽക്കത്ത ആർജികർ മെഡിക്കൽ കോളേജിൽ ക്രൂര മാനഭംഗത്തിനിടെ കൊല്ലപ്പെട്ട അവളുടെ ഓർമ്മകളാണ് ആ വീടു നിറയെ.
കിടപ്പുമുറിയിൽ ഫോട്ടോകളും മെഡിക്കൽ തീസീസുകളും പുസ്‌തകങ്ങളുമെല്ലാം കാണാം.
ആ വീട് ഇപ്പോൾ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോരാട്ട വേദിയാണ്. ബംഗാളിന്റെ 'അഭയ' എന്നറിയപ്പെടുന്ന മകൾക്ക് നീതി തേടുന്ന മാതാവ് രത്ന ദേബ്നാഥ് ബി.ജെ.പി സ്ഥാനാർത്ഥിയായി പനിഹത്തി മണ്ഡലത്തിൽ പോരാടുകയാണ്.
രത്ന ആ വീട്ടിൽവച്ച് കേരളകൗമുദിയോട് സംസാരിച്ചു.
മകളുടെ വിഷയം ഏറ്റെടുത്ത സി.പി.എമ്മിനെ വിട്ട് എങ്ങനെ ബി.ജെ.പിയിലെത്തി
സി.പി.എം രാഷ‌്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. പുനരന്വേഷണം സി.പി.എം അംഗീകരിച്ചിരുന്നില്ല. കേസ് നടത്തിയ സി.പി.എം നേതാവ് ബികാസ് രഞ്ജൻ ഭട്ടചാര്യ ഞങ്ങളെ കാണുമ്പോൾ ഓടിയൊളിക്കുന്നു. ഡോക്‌ടർമാർ 40 ദിവസം പ്രതിഷേധിച്ചിട്ടും കോടതിയിൽ വാദം നടന്നില്ല. സ്ഥാനാർത്ഥിയായി പത്രിക നൽകിയ ദിവസം വാദം തുടങ്ങി. കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു.അഭയയുടെ മാതാവിന് വോട്ട് നൽകരുതെന്നാണ് സി.പി.എം പ്രചാരണം നടത്തുന്നത്.
മകൾക്ക് നീതി ലഭിക്കാൻ നല്ലത് ബി.ജെ.പിയാണെന്ന് തോന്നി. എന്തുവിലകൊടുത്തും മകൾക്ക് നീതി ലഭിക്കണം. കോടതി ശിക്ഷ വിധിച്ചെങ്കിലും അതിൽ നിരവധി പഴുതുകളുണ്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പോലും ഞങ്ങൾ തൃപ്‌തരല്ല.
ബി.ജെ.പി സ്ഥാനാത്ഥിയായപ്പോൾ?
ഭീഷണിയുണ്ടായി. തൃണമൂലിനെ എതിർക്കാനാകില്ലെന്ന് ചിലർ നേരിട്ടു പറഞ്ഞു. മകളുടെ സഹപാഠികൾ ഭയം മൂലം നേരിട്ടെത്തുന്നില്ല. ഫോണിൽ പിന്തുണ നൽകി.
റാലികളിൽ സ്‌ത്രീകൾ കെട്ടിപ്പിടിച്ച് കരയുന്നു. മകൾക്ക് പിന്തുണ നൽകുന്നു.
രാഷ‌്ട്രീയ പശ്ചാത്തലമില്ലാതെ ?
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടില്ല. ബുദ്ധിമുട്ടുണ്ട്. 2011 മുതൽ തൃണമൂൽ നിലനിർത്തുന്ന മണ്ഡലത്തിൽ മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ. തൃണമൂലിന്റെ തീർത്ഥാങ്കർ ഘോഷാണ് മുഖ്യ എതിരാളി.