വിഷുവിനെ വരവേൽക്കാൻ നാടും നഗരവുമൊരുങ്ങി

Tuesday 14 April 2026 7:27 AM IST

ആലപ്പുഴ: വിഷുവിനെ വരവേൽക്കാൻ അവസാനവട്ട പാച്ചിലിലാണ് നാട്. കണിയൊരുക്കാനുള്ള വിഭവങ്ങളും കൃഷ്ണവിഗ്രഹങ്ങളടക്കം ആളുകൾ വീട്ടിലെത്തിച്ചു കഴിഞ്ഞു. പടക്കവിപണിയും വസ്ത്രവിപണിയും സജീവമായിക്കഴിഞ്ഞു. പടക്കവിപണിയിൽ ചൈനീസ് പടക്കങ്ങൾക്കാണ് പ്രിയം. മൊത്തവ്യാപാര കടകൾ കൂടാതെ ചെറുകിട തെരുവോരക്കച്ചവടങ്ങളും ഉഷാറാണ്. അഞ്ച് നിറങ്ങളിൽ കത്തുന്ന മായാജാൽ, ആകാശത്ത് വർണങ്ങൾ വിരിയിക്കുന്ന ഷോട്‌സ്, വന്ദേഭാരത്, വലിയ മിങ്കിൾ മലിക്‌സ് കമ്പിത്തിരി, റോബോ പൂക്കുറ്റി എന്നിവയാണ് പടക്ക വിപണിയിലെ ഇത്തവണത്തെ പ്രധാന താരങ്ങൾ. ഇതുകൂടാതെ ഓലപ്പടക്കം, മാലപ്പടക്കം, ഗുണ്ട്, ചൈനീസ് പടക്കം, പൂക്കുറ്റി, നിലച്ചക്രം, കമ്പിത്തിരി, മത്താപ്പ്, പാമ്പുഗുളിക തുടങ്ങിയ സ്ഥിരം സാധനങ്ങൾക്കും ആവശ്യക്കാരേറെയാണ്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പൂക്കളും അലങ്കാര സാധനങ്ങളും മുതൽ കണി കിറ്റുകൾ വരെ വീടുകളിലെത്തിക്കുന്ന സംഘങ്ങളും സജീവമാണ്. സോഷ്യൽ മീഡിയയിൽ വിഷുക്കണി ചിത്രങ്ങൾ പങ്കുവയ്ക്കുന്ന യുവതലമുറയ്ക്കായി, ഓൺലൈൻ ഫോട്ടോ ഷൂട്ടിനും മറ്റും ഉപയോഗിക്കാവുന്ന കൃത്രിമ വിഷുക്കണിയും ഓട്ടുപാത്രത്തെ വെല്ലുന്ന ഗോൾഡൻ പ്ലേറ്റുകൾ, പീലിക്കുഴലുകൾ, വിശറി, വാൽക്കണ്ണാടി, മഞ്ചാടി പാക്കറ്റുകൾ എന്നിവയും വിപണിയിൽ സുലഭം.

കിറ്റുകൾ റെഡി

കണി ഒരുക്കുന്നതിനാവശ്യമായ സാധനങ്ങളെല്ലാം ഒറ്റ പാക്കേജിൽ ലഭ്യമാകുന്ന കിറ്റുകളും ലഭ്യമാണ്. സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഇത്തവണ പ്രത്യേകം വിഷു സദ്യ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യണം. വീട്ടിൽ സദ്യ ഒരുക്കുന്നവർക്കുവേണ്ടി റെഡി ടു കുക്ക് കിറ്റും സദ്യ ഒരുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് റെഡി ടു ഈറ്റ് കിറ്റും ലഭ്യമാണ്.