ബംഗാളിലെ 34 ലക്ഷം പേർക്ക് വോട്ടു ചെയ്യാനാകില്ല: സുപ്രീകോടതി
ന്യൂഡൽഹി: പശ്ചിമബംഗാളിലെ അന്തിമ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ 34 ലക്ഷത്തിൽപ്പരം പേർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാകില്ലെന്ന് സുപ്രീകോടതി. ജുഡിഷ്യൽ ഓഫീസർമാർ 60 ലക്ഷത്തിൽപ്പരം അപ്പീലുകളിൽ ഇതുവരെ തീരുമാനമെടുത്തു. ഏപ്രിൽ 9 വരെ തീരുമാനമെടുത്ത കേസുകളിൽ,അനുകൂല വിധി ലഭിച്ചവർക്ക് വോട്ടു ചെയ്യാനാവും. 34 ലക്ഷത്തിൽപ്പരം പേരുടെ അപ്പീലുകൾ ട്രൈബ്യൂണലുകൾക്കു മുന്നിലുണ്ട്. എന്നാൽ അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്‌ജിമാരുടെ മേൽ ഇത്രയധികം ജോലിഭാരം ചുമത്തുന്ന സാഹചര്യം സൃഷ്‌ടിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനുമിടയിൽപ്പെട്ട് വോട്ടർമാർ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടി. എസ്.ഐ.ആർ (തീവ്ര വോട്ടർപട്ടിക പുതുക്കൽ) പ്രക്രിയയെ ചോദ്യം ചെയ്‌ത ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
രാഷ്ട്രീയ
പശ്ചാത്തലമറിയണം
പശ്ചിമബംഗാളിൽ എസ്.ഐ.ആർ ജോലിയിൽ ഏർപ്പെട്ട ജുഡിഷ്യൽ ഓഫീസർമാരെ തടഞ്ഞുവച്ചതിൽ എൻ.ഐ.എ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലമറിയണമെന്ന് പറഞ്ഞു. അന്വേഷണം നടത്തി കേന്ദ്ര ഏജൻസിയെ അറിയിക്കണം. ജുഡിഷ്യൽ ഓഫീസർമാർക്കുള്ള കേന്ദ്രസേനയുടെ സുരക്ഷ തുടരണം. സുപ്രീംകോടതിയുടെ അനുമതി വാങ്ങിയല്ലാതെ പിൻവലിക്കരുതെന്നും നിർദ്ദേശിച്ചു. എൻ.ഐ.എ അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് മമത സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര അറിയിച്ചു.