കര്‍ഷകര്‍ക്ക് 9000, വീട്ടമ്മമാര്‍ക്ക് 2000 വീതം; വാരിക്കോരി കൊടുക്കുമെന്ന് വാഗ്ദാനം

Tuesday 14 April 2026 6:35 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമ ആനുകൂല്യങ്ങള്‍, ഭരണപരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍.

കെ.അണ്ണാമലൈയും മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഓരോ കുടുംബത്തിനും ഒറ്റത്തവണ 10,000 രൂപ സഹായം, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

പൊങ്കല്‍, ദീപാവലി, തമിഴ്നാട് പുതുവത്സര ദിനം തുടങ്ങി വിശേഷ ദിവസങ്ങളിലായി സൗജന്യ എല്‍പിജി ആണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം. ഇതുകൂടാതെ കര്‍ഷകര്‍ക്കായി ഉഴവ് തായ് സ്‌കീം. പിഎം കിസാന്‍ പദ്ധതിയിലൂടെ സ്‌കീമിനായി 3,000 രൂപ വര്‍ധിപ്പിക്കുക.

ഇതോടെ പ്രതിവര്‍ഷം 9,000രൂപയുടെ സഹായം ലഭിക്കും. സ്ത്രീ സുരക്ഷയുടെ ഭാഗമായി സീറോ എഫ്ഐആര്‍ റിപ്പോര്‍ട്ടിംഗ്, സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍, മയക്കുമരുന്ന് നിവാരണത്തിനായി പ്രത്യേക ആന്റി നാര്‍ക്കോട്ടിക്ക് ടാസ്‌ക് ഫോഴ്സ് എന്നിവയും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.