നിതിൻ രാജിന്റെ മരണം: ദളിത് സംഘടനകൾ പ്രതിഷേധിച്ചു
കട്ടപ്പന : കണ്ണൂർ ദന്തൽ കോളജിലേ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കട്ടപ്പനയിൽ വിവിധ ദളിത് സംഘടനകൾ യോഗം ചേർന്നു. അംബേദ്കർഅയ്യങ്കാളി കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി സാമൂഹ്യ പരിഷ്‌കർത്താക്കൾ പോരാടിയിട്ടുണ്ടെന്നും അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും മണ്ണായ കേരളത്തിൽ ജാതി അധിക്ഷേപത്തിന്റെ പേരിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കിയത് കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറുകയാണോയെന്ന ആശങ്ക ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടിയെടുക്കേണ്ട പൊലീസ് ലോൺ ആപ്പിന്റെ പേരിലാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടത്തുകയാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരം നടത്തുമെന്നും പ്രശാന്ത് രാജു പറഞ്ഞു. ജനറൽ സെക്രട്ടറി വിഎസ് ശശി അധ്യക്ഷനായി. സുനീഷ് കുഴിമറ്റം, രാജു അഞ്ഞിലത്തോപ്പിൽ, ബിജു പൂവത്താണി, രാജീവ് രാജു, കെ കെ കുഞ്ഞു മോൻ, എ കെ രാജു, ബിന്ദു രാജു, സുരേഷ് മുഴിയാങ്കൽ, ബിനു കോഴിമല, സന്ധ്യ. എസ് എന്നിവർ സംസാരിച്ചു.