തീപിടിത്തത്തിൽ വിറകുപുരയും കളിയിലും കത്തിനശിച്ചു
Wednesday 15 April 2026 3:42 AM IST
കിളിമാനൂർ: തീപിടിത്തത്തിൽ വിറകുപുരയും കളിയിലും പൂർണമായി കത്തിനശിച്ചു.അടയമൺ കുന്നിൽ റോഡിൽ ശ്യാം നിവാസിൽ പ്രേംകുമാറിന്റെ വീട്ടിലെ വിറകുപുരയിലാണ് തീപിടിത്തമുണ്ടായത്.വിവരമറിയിച്ചതനുസരിച്ച് കടയ്ക്കലിലെ ഫയർസ്റ്റേഷനിൽ നിന്നും അംഗങ്ങളെത്തിയാണ് തീയണച്ചത്.തിങ്കളാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം.ഈ സമയം വീട്ടിലെ അംഗങ്ങൾ എല്ലാം ആശുപത്രിയിലായിരുന്നു.
തീ കത്തുന്നത് കണ്ട് നാട്ടുകാരും വാർഡ് മെമ്പർ മുരളീധരനും സംഭവ സ്ഥലത്തെത്തി.തുടർന്നാണ് ഫയർഫോഴ്സിനെ അറിയിച്ചത്. വീട്ടിലേക്ക് തീപടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.ഇന്നലെ വൈകിട്ട് 5ഓടെ വീടിന്റെ പരിസരം അടിച്ചുവാരി കത്തിച്ചിരുന്നു.അണയാതെ കിടന്ന തീപ്പൊരി പറന്നുവീണതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.