പേരയം -താന്നിമൂട് റോഡ് നിർമ്മാണം പുനരാരംഭിക്കണം
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പേരയം താന്നിമൂട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചത് പുനരാരംഭിക്കണമെന്ന് നാട്ടുകാർ. എട്ട് മാസത്തോളമായി റോഡിന്റെ നിർമ്മാണം നടക്കാതായിട്ട്. പി.ഡബ്ല്യു.ഡിയുടെ ചുമതലയിലുള്ള ഈ റോഡിന്റെ നിർമ്മാണ സാമഗ്രികൾ കോൺട്രാക്ടർ തിരികെ കൊണ്ടുപോവുകയും പണി നിർത്തിവയ്ക്കുകയുമായിരുന്നു.
ഡി.പി.ആറിൽ ഉൾപ്പെടുത്താത്ത ജോലികൾ ചെയ്താൽ കോൺട്രാക്ടർക്കു നഷ്ടംവരുമെന്നതിനാലാണ് റോഡ് നിർമ്മാണം നിറുത്തിയതെന്നും ആക്ഷേപമുണ്ട്. പേരയം മുതൽ താന്നിമൂടുവരെയുള്ള നാലരകിലോമീറ്റർ റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ബി.എം,ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കാനാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. എന്നാൽ കുടവനാട് മുതൽ പേരയംവരെയുള്ള ഭാഗത്തെറോഡ് മാത്രമാണ് ഭാഗികമായി പണിനടത്തിയത്. വാഹനയാത്ര ഏറെ ദുഷ്കരമായ കുടവനാട് മുതൽ തന്നിമൂട് വരെയുള്ള ഭാഗംകൂടി പണിയണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
പേരയം തന്നിമൂട് റോഡിന്റെ നിർമ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്നും റോഡ് വികസനത്തിനായി സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കൂടാതെ ഡി.പി.ആർ അനുസരിച്ച് ബാഹ്യഇടപെടൽ ഇല്ലാതെ പണിപൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
ലക്ഷ്യം, വർക്കല-പൊന്മുടി ടുറിസം
താളിക്കുന്ന് മുതൽ പേരയം വരെയുള്ള റോഡിന്റെ ഒരുഭാഗത്തു റോഡുവികസനത്തിന് ആവശ്യമായ പുറംപോക്ക് ഭൂമി ഉള്ളതായി താലൂക്ക് സർവ്വേയിൽ കണ്ടെത്തിയിട്ടുമുണ്ട്. മുതുവിള പാലുവള്ളി നന്ദിയോട് റോഡിന്റെ നിർമ്മാണം യാതൊരു തടസവുമില്ലാതെ നടക്കുന്നുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിനാണ് പതിമൂന്നരകിലോമീറ്റർ വരുന്ന റോഡിന്റെ ചുമതല. 13,4500000 രൂപയ്ക്കാണ് കരാർ എടുത്തിരിക്കുന്നത്, അതും ബി.എം.ബി.സി നിലവാരത്തിലാണ് പണിനടക്കുന്നത്.
വർക്കല പൊന്മുടി ടുറിസം ലക്ഷ്യമിട്ടാണ് ഈ റോഡുകൾ പണിയുന്നത്. എം.സി റോഡുമായും ടി.എസ് റോഡുമായും വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഈ റോഡുകൾക്ക് കഴിയുന്നതാണ്.