പാറമേക്കാവിന്റെ തിടമ്പേറ്റാൻ തൃക്കടവൂർ ശിവരാജു
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തൃക്കടവൂർ ശിവരാജുവെത്തും. മുൻ ചീഫ് സെക്രട്ടറിയായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാറിനെ നേരിട്ട് വിളിച്ച് ആനയെ പൂരത്തിൽ പങ്കെടുപ്പിക്കണമെന്ന് പാറമേക്കാവ് അധികൃതർ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം നേരിട്ട് നടപടിക്രമം പൂർത്തീകരിച്ച് പൂരത്തിന് ശിവരാജുവെത്തുമെന്ന് കഴിഞ്ഞദിവസം അറിയിച്ചത്. ഏക്കത്തുകയായ രണ്ടരലക്ഷം രൂപ അടയ്ക്കുന്നത് ശിവരാജു പ്രേമികളാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഏറ്റവും ഉയരമുള്ള ഗജവീരനാണ് ശിവരാജു. തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഗജരാജ പട്ടം നൽകി ആദരിച്ചിട്ടുണ്ട്. കൊട്ടാരക്കര, വൈക്കം, തിരുനക്കര, തുറവൂർ, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഹരിപ്പാട്, ആറ്റുകാൽ എന്നീ ക്ഷേത്രങ്ങളുടെ ആറാട്ട് തിടമ്പ് ശിവരാജുവിനാണ്. കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്. രാത്രി പൂരത്തിന് പാറമേക്കാവ് കാശിനാഥനാകും തിടമ്പേറ്റുക. പിറ്റേന്ന് രാവിലെ എറണാകുളം ശിവകുമാർ തിടമ്പേറ്റും.
ഗജരാജരത്‌നം ശിവരാജു
1973ൽ ജനനമെന്ന് നിഗമനം. അഞ്ചാം വയസിൽ കോന്നി റേഞ്ചിലെ അട്ടത്തോട് ഭാഗത്തെ വാരിക്കുഴിയിൽ നിന്നാണ് ലഭിച്ചത്. കോന്നി ആനക്കൂട്ടിൽ നിന്നാണ് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെത്തിയത്. 2023ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയായി തെരഞ്ഞെടുക്കപ്പെട്ടു. ഗജരാജരത്‌നം പട്ടം നൽകി ദേവസ്വം ബോർഡ് ആദരിച്ചു.
പ്രത്യേകതകൾ
3.11 മീറ്റർ ഉയരം (10 അടി രണ്ടിഞ്ച്) വീണകന്ന കൊമ്പുകൾ നിലത്തിഴയുന്ന തുമ്പിക്കൈ രോമങ്ങൾ തിങ്ങിയ വാൽ 20 നഖങ്ങൾ.