അകമലയ്ക്ക് ദാഹിക്കുന്നു, കുടിവെള്ളമില്ല..!

Wednesday 15 April 2026 12:00 AM IST
1

വടക്കാഞ്ചേരി: അകമലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. രണ്ട് കുടിവെള്ള പദ്ധതികൾ ഉണ്ടെങ്കിലും പമ്പിംഗിന് വെള്ളമില്ലാത്തതാണ് തിരിച്ചടിയാകുന്നത്. വല്ലപ്പാേഴുമെത്തുന്ന നഗരസഭയുടെ കുടിവെള്ള ടാങ്കറുകളിലെ ജലം ഇവിടേക്ക് തികയാത്ത അവസ്ഥയാണ്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതികളെല്ലാം വർഷങ്ങളായി കടലാസിലുറങ്ങുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വേനൽ രൂക്ഷമാകുമ്പോൾ മാത്രമാണ് ക്ഷാമത്തെ കുറിച്ച് ചർച്ചകൾ നടക്കുകയെന്നും നാട്ടുകാർ ആരോപിക്കുന്നു.

അധികൃതർ പരാജയം

അകമലയുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാകം കാണാൻ തൂമാനം ചെക്ക് ഡാമിന് സാധിക്കും. എന്നാൽ, ജലം സംരക്ഷിക്കുന്നതിൽ അധികൃതർ സമ്പൂർണ പരാജയമെന്നാണത്രെ. കോരിച്ചൊരിയുന്ന മഴയിൽ അതീവ സുന്ദരിയായി മാറിന്ന തൂമാനം വെള്ളച്ചാട്ടം കാണാൻ നിരവധി വിനോദ സഞ്ചാരികളെത്താറുണ്ട്. അകമല കാടുകൾ, അരുവികൾ എന്നിവിടങ്ങളിൽ നിന്നാണ് ജലമെത്തുന്നത്. വെള്ളമില്ലാത്തതിനാൽ ക്ഷീര കർഷകർ വളർത്തുമൃഗങ്ങളെ വിറ്റഴിക്കുന്ന അവസ്ഥയാണ്.