വനിതാ സംവരണ ബിൽ നാളെ പാർലമെന്റിൽ: ലോക്‌സഭാ സീറ്റ് 850, വനിതകൾക്ക് 273

Wednesday 15 April 2026 2:59 AM IST

ന്യൂഡൽഹി: വനിതാ സംവരണത്തിന് മുന്നോടിയായി മണ്ഡല പുനർനിർണയത്തിലൂടെ ലോക്‌സഭാ സീറ്റുകൾ 543ൽ നിന്ന് 850 ആക്കും. 815 സീറ്റുകൾ സംസ്ഥാനങ്ങൾക്കും, 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായിരിക്കും. 273 സീറ്റുകൾ വനിതകൾക്കാണ്. 33 ശതമാനം സംവരണത്തിൽ പട്ടികജാതി, പട്ടികവർഗ സ്ത്രീകൾക്ക് ക്വാട്ടയുമുണ്ടാകും. ഒ.ബി.സി വനിതകൾക്കുള്ള ക്വാട്ട ഉൾപ്പെടുത്തിയിട്ടില്ല. മണ്ഡല പുനർനിർണയ കമ്മിഷൻ രൂപീകരിക്കും.

വനിതാ സംവരണം, മണ്ഡല പുനർനി‌ർണയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നതിന് ഭരണഘടനയിലെ 81, 82 അനുച്ഛേദങ്ങളിലടക്കം കേന്ദ്രം ഭേദഗതി കൊണ്ടുവരും.

എന്നാൽ മണ്ഡല പുനർനിർണയത്തിന് 2011ലെ സെൻസസ് ഡേറ്ര ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ വി‌മർശനം. 2027ലെ സെൻസസ് കാത്തിരിക്കാതെ കേന്ദ്രം ധൃതി കാണിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. 2001ലെ 84ാം ഭരണഘടനാ ഭേദഗതി പ്രകാരം 2026ന് ശേഷമുള്ള സെൻസസ് ഉപയോഗിച്ചേ അതിർത്തി നിർണയം പാടുള്ളൂ. എന്നാൽ ജനസംഖ്യയിൽ മാറ്റം വന്നതിനാൽ മണ്ഡലങ്ങളുടെ അതിർത്തി പുന‌ർനിർണയം ഇപ്പോൾ അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ദ്രുതഗതിയിലുള്ള നഗരവത്കരണം, മറ്റു സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള കുടിയേറ്റം തുടങ്ങിയവയും കാരണം പുനർനിർണയം വേഗത്തിൽ നടത്തണം. ഇപ്പോഴത്തെ സെൻസസ് പൂ‌ർത്തിയാക്കി മണ്ഡല പുനർനിർണയത്തിന് കാലതാമസമെടുക്കും. വനിതാ സംവരണം വൈകുമെന്നും കേന്ദ്രം പറയുന്നു.

 നാരീശക്തിക്ക് മോദിയുടെ തുറന്ന കത്ത്

വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ സ്ത്രീകൾക്ക് തുറന്ന കത്തെഴുതി. 2029ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം ഉറപ്പാക്കാനുള്ള തീരുമാനത്തെ അമ്മമാരും സഹോദരിമാരും പെൺമക്കളും അഭിനന്ദിക്കുന്നു. സ്ത്രീകൾ വിവിധ മേഖലകളിൽ മികവ് പുലർത്തുമ്പോൾ, നിയമനിർമ്മാണ സ്ഥാപനങ്ങളിലെ അവരുടെ പ്രാതിനിദ്ധ്യവും വർദ്ധിപ്പിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ശബ്‌ദം ജനാധിപത്യത്തിന്റെ കരുത്ത് കൂട്ടും. ബില്ലിനെ പിന്തുണയ്‌ക്കാൻ പൗരന്മാർ അവരുടെ എം.പിമാർക്ക് കത്തെഴുതണമെന്നും മോദി ആവശ്യപ്പെട്ടു.