180 ഓളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത്  അശ്ലീല ദൃശ്യങ്ങൾ പകർത്തി,​  ബിജെപി എംപിയുടെ പരാതിയിൽ യുവാവ് പിടിയിൽ

Wednesday 15 April 2026 12:07 AM IST

മുംബയ്: പ്രായപൂർത്തിയാകാത്ത 180 ഓളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പറതവാഡ സ്വദേശിയായ മുഹമ്മദ് അയാസ് എന്ന തൻവീറിനെയാണ് പൊലീസ് പിടികൂടിയത്.മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. ബിജെപി എംപി അനിൽ ബോണ്ടെയുടെ പരാതിയെ തുടർന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും മുന്നൂറ്റമ്പതിലധികം അശ്ലീല വീഡിയോകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കിയ ശേഷം മുംബയ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ എത്തിച്ചാണ് പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നത്.

പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ ശേഷം അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പെൺവാണിഭത്തിന് നിർബന്ധിക്കുകയായിരുന്നു പ്രതിയുടെ രീതി. ഇതിൽ ചില വീഡിയോകൾ ഇയാൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വാട്സാപ്പ്, സ്നാപ്പ് ചാറ്റ്ഗ്രൂപ്പുകൾ വഴിയാണ് പ്രതി പെൺകുട്ടികളെ കണ്ടെത്തിയിരുന്നതെന്ന് അമരാവതി റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ ബിജെപി എംപി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുമ്പ് എഐഎംഐഎം പാർട്ടിയുടെ ഭാരവാഹിയായി മുഹമ്മദ് അയാസ് പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയുടെ അമരാവതി അദ്ധ്യക്ഷൻ ഹാജി ഇർഫാൻ ഖാനിൽ നിന്നും കത്ത് സ്വീകരിക്കുന്നതിന്റെയും റാലികളിൽ പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ അറസ്റ്റിലായ വിവരം പുറത്തുവന്നതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഇത്തരം വീഡിയോകൾ ഇയാൾ നീക്കം ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഏതെങ്കിലും ക്രിമിനൽ സംഘങ്ങൾക്കോ സുഹൃത്തുക്കൾക്കോ കൈമാറിയിട്ടുണ്ടോ എന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇന്റർനെറ്റിൽ പ്രചരിച്ച വീഡിയോകൾ നീക്കം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു.