 ആദ്യരാത്രിയിൽ 90 ലക്ഷം ആവശ്യം വീട്ടുകാരെ പൂട്ടിയിട്ട് സ്വർണവുമായി യുവതി മുങ്ങി

Wednesday 15 April 2026 12:23 AM IST

 ചുട്ടുകൊല്ലാൻ ശ്രമിച്ചെന്നും പരാതി

ലക്‌നൗ: കാത്തിരുന്ന് ഒടുവിൽ വിവാഹം. ആദ്യരാത്രിയിൽ ഭാര്യയുടെ ആവശ്യം കേട്ട യുവാവ് ഞെട്ടി.

മുഖാവരണം മാറ്റാൻ 90 ലക്ഷം രൂപ നൽകണം. പണം നൽകാതെ ഒരടുപ്പവും വേണ്ട. തനിക്ക് വിവാഹത്തിൽ താത്പര്യമുണ്ടായിരുന്നില്ലെന്നും പണത്തിനുവേണ്ടിയാണ് സമ്മതിച്ചതെന്നും കൂടി പറഞ്ഞതോടെ

സ്ഥിതി ഗുരുതരം. ഒടുവിൽ സ്വർണവുമായി യുവതി സ്ഥലം വിട്ടു.

ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കഴിഞ്ഞ വർഷം ഏപ്രിൽ 29 ന് ആഗ്രയിലായിരുന്നു കൽപനയും യുവാവും തമ്മിലുള്ള വിവാഹം. ആദ്യരാത്രിയിൽ പണത്തെച്ചൊല്ലി തർക്കമായതോടെ യുവതി വീട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കൾ വീട്ടിൽ ആക്രമണം അഴിച്ചുവിട്ടു. 90 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചുട്ടുകൊല്ലുമെന്ന് ഭീഷണി മുഴക്കി. യുവാവിനെയും വീട്ടുകാരെയും പൂട്ടിയിട്ടു. ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് തീയിടാനും ശ്രമിച്ചു.

ഈ സമയം ഭർതൃമാതാവിന്റെ ഉൾപ്പെടെ ആഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞു. അയൽക്കാരുടെ സഹായത്തോടെയാണ് വീട്ടുകാർ രക്ഷപ്പെട്ടത്. തുടക്കത്തിൽ പൊലീസ് നടപടിയെത്തില്ലെന്ന് യുവാവ് പറയുന്നു. കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് പൊലീസ് യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.