ബീഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി, സമ്രാട്ട് ചൗധരി ഇന്ന് അധികാരമേൽക്കും
ന്യൂഡൽഹി: ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബി.ജെ.പി മുഖ്യമന്ത്രി. നിലവിൽ ഉപമുഖ്യമന്ത്രിയായ ബി.ജെ.പി നേതാവ് സമ്രാട്ട് ചൗധരി ഇന്ന് അധികാരമേൽക്കും. ഇതോടെ സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാൺ പൂർണമായും ബി.ജെ.പിയുടെ കൈയിലാകും. രണ്ടു ദശകത്തോളം മുഖ്യമന്ത്രി കസേരയിലിരുന്ന ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാർ ഇന്നലെ മുഖ്യമന്ത്രി പദം രാജിവച്ചു.
എൻ.ഡി.എ നിയമസഭാ കക്ഷി നേതാവായി സമ്രാട്ട് ചൗധരിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. പിന്നാലെ,ഗവർണർ സയദ് അറ്റ ഹസ്‌നയിനെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു.
ഇന്ന് രാവിലെ 11ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖർ പങ്കെടുത്തേക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരും ചുമതയേൽക്കും. സമ്രാട്ടിനെ നിതീഷ് കുമാർ അഭിനന്ദിച്ചു.
ബി.ജെ.പി യുഗത്തിന് തുടക്കം
2025 നിയമസഭാ തിരഞ്ഞെടുപ്പിൽ 89 സീറ്റുകളുമായി ബി.ജെ.പി കരുത്ത് തെളിയിച്ചു. 20.45% വോട്ട് ഷെയറാണ് ലഭിച്ചത്. ജെ.ഡി.യുവിനാകട്ടെ 19.61% ആയിരുന്നു വോട്ടുവിഹിതം. 85 സീറ്റുകളും. അപ്പോൾ മുതൽ ഡ്രൈവിംഗ് സീറ്റിൽ നോട്ടമിട്ടായിരുന്നു ബി.ജെ.പിയുടെ നീക്കങ്ങൾ. നേതൃമാറ്റത്തിന് നിതീഷ് വഴങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. നിതീഷ് രാജ്യസഭാംഗമായി. അതേസമയം, ജെ.ഡി.യുവിന്റെ ഭാവിയെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. കരുത്തരായ രണ്ടാംനിര നേതാക്കളെ വളർത്തിയെടുക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. ജെ.ഡി.യു, ബി.ജെ.പിയിൽ ലയിക്കാനുള്ള സാദ്ധ്യത വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. ചില നേതാക്കൾ ആർ.ജെ.ഡിയിലേക്ക് പോയേക്കും. മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പിക്ക് കൈമാറുന്നതിൽ ജെ.ഡി.യുവിനകത്ത് ഭിന്നതയുണ്ടെന്നും റിപ്പോർട്ടുണ്ട്. നിതീഷിന്റെ മകൻ നിശാന്തിനെ പിൻഗാമിയാക്കണമെന്നും ആവശ്യമുയർന്നിരുന്നു. പാട്നയിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. നിതീഷിനൊപ്പം ഉറച്ചുനിന്നിരുന്ന ബീഹാറിലെ അതീവ പിന്നാക്ക വിഭാഗത്തിന്റെ വോട്ടുബാങ്ക് ഇനി എങ്ങോട്ടുപോകുമെന്നതിലും ആകാംക്ഷയുണ്ട്.
സ്‌മാർട്ട് സമ്രാട്ട്
നിതീഷ് എന്ന കരുത്തനുപകരമായി യോഗ്യനായ ആളെ തന്നെയാണ് നിയോഗിക്കുന്നതെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.
1968 നവംബറിൽ മുൻഗെർ ജില്ലയിലാണ് സമ്രാട്ട് ചൗധരിയുടെ ജനനം.
പിതാവ് ശകുനി ആറുതവണ താരാപൂർ മണ്ഡലത്തിലെ എം.എൽ.എയായിരുന്നു
മാതാവ് പാർവതിയും 1998ൽ അതേ സീറ്റിൽ വിജയിച്ചു.
സമ്രാട്ട് ആർ.ജെ.ഡിയിലും ജെ.ഡി.യുവിലും പ്രവർത്തിച്ചു
1999ൽ റാബ്റി ദേവി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു
2014ൽ ആർ.ജെ.ഡിയിൽ നിന്ന് ഒരു ഡസൻ എം.എൽ.എമാരെയും വലിച്ചുകൊണ്ട് ബി.ജെ.പിയിൽ
2023 മാർച്ച് മുതൽ 2024 ജൂലായ് വരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
ബീഹാറിലെ ജനസംഖ്യയിലെ 4.3 ശതമാനമുള്ള ഒ.ബി.സി വിഭാഗമായ കുശ്‌വാഹ വിഭാഗത്തിലെ നേതാവാണ്