 സംഗീതപരിപാടിക്കിടെ അമിത അളവിൽ ലഹരി മുംബയിൽ രണ്ട് എം.ബി.എ വിദ്യാർത്ഥികൾ മരിച്ചു

Wednesday 15 April 2026 12:28 AM IST

 ആറ് പേർ അറസ്റ്റിൽ

മുംബയ്: സംഗീത പരിപാടിക്കിടെ അമിത അളവിൽ ലഹരിമരുന്ന് ഉപയോഗിച്ച രണ്ട് എം.ബി.എ വിദ്യാർത്ഥികൾ മരിച്ചു. 24കാരിയും 28കാരനുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ നില ഗുരുതരമാണ്. പരിപാടിയുടെ സംഘാടകൻ, സെക്യൂരിറ്റി ചീഫ്, മയക്കുമരുന്ന് എത്തിച്ചുനൽകിയ വിദ്യാർത്ഥി, വിതരണക്കാരൻ എന്നിവരടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബയിലെ നെസ്‌കോ സെന്ററിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇറ്റാലിയൻ ഡി.ജെ സംഘമായ '999999999" (9*9) നടത്തിയ പരിപാടിയിൽ നാലായിരത്തോളം പേരാണ് പങ്കെടുത്തത്. അർദ്ധരാത്രിയോടെ മൂന്ന് വിദ്യാർത്ഥികൾക്കും ശ്വാസതടസം ഉൾപ്പെടെ ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരും മരിച്ചു. അമിത അളവിൽ ലഹരിമരുന്ന് ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് ‌ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എന്ത് ലഹരിയാണെന്ന് വ്യക്തമല്ല.

വിദ്യാർത്ഥികൾ പരിപാടിക്ക് മുമ്പും പരിപാടിക്കിടെയും ലഹരി ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നു. ലഹരിമരുന്ന് വിതരണം ചെയ്തയാളിൽ നിന്ന് ഏഴ് ലഹരിഗുളികകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ മുംബയ്ക്ക് പുറത്തുനിന്ന് എത്തിച്ചതെന്നാണ് കണ്ടെത്തൽ. അന്വേഷണം നടന്നുവരികയാണ്.

സുരക്ഷാ വീഴ്ച

 വലിയ പരിപാടികളിലെ സുരക്ഷയും മയക്കുമരുന്ന് പരിശോധനയും സംബന്ധിച്ച് ആശങ്കകൾ ഉയരുന്നു

 പരിപാടിയിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ലഹരിയിൽ യുവാക്കൾ നൃത്തം ചെയ്യുന്ന വിഡിയോകൾ പിന്നീട് സമൂഹ മാദ്ധ്യമത്തിൽ പ്രചരിച്ചു.

കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തുന്നതിൽ സംഘാടകർ പരാജയപ്പെട്ടെന്നും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി