മണ്ഡല പുന‌ർനിർണയത്തിൽ പ്രതിപക്ഷ ഉടക്ക്

Wednesday 15 April 2026 12:29 AM IST

ബിൽ പാസാകുമോയന്നതിൽ സസ്‌പെൻസ്

ന്യൂഡൽഹി: മണ്ഡല പുന‌ർനിർണയത്തിൽ ഉടക്കിട്ട് നിൽക്കുകയാണ് പ്രതിപക്ഷം. 2029ലെയും വിജയം ഉന്നമിട്ടാണ് ബി.ജെ.പിയുടെ നീക്കങ്ങളെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. വനിതാ സംവരണമല്ല,​ മണ്ഡല പുന‌ർനിർണയമാണ് പ്രശ്‌നമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ നേതാക്കൾ ഇന്ന് കൂടിയാലോചന നടത്തി നാളെ പാ‌ർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തീരുമാനിച്ചേക്കും. അതേസമയം,​ ബിൽ പാസാകുമോയെന്നതിൽ സസ്‌പെൻസ് തുടരുകയാണ്. ഭരണഘടനയുടെ 106ാം ഭേദഗതിയെന്ന് അറിയപ്പെടുന്ന, 2023ലെ നാരീശക്തി വന്ദൻ അധിനിയമത്തിലാണ് കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത്. മണ്ഡല പുനർനിർണയത്തിനായുള്ള ബില്ലും അവതരിപ്പിക്കും. ഭരണഘടനാ ഭേദഗതിയായതു കൊണ്ടുതന്നെ ലോക്‌സഭയും രാജ്യസഭയും കടക്കണമെങ്കിൽ സഭയിൽ ഹാജരുള്ള മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ലോക്‌സഭയിലെ മുഴുവൻ അംഗങ്ങളും ഹാജരുണ്ടെങ്കിൽ, ബിൽ പാസാകാൻ 364 വോട്ടു വേണം. എൻ.ഡി.എയ്‌ക്ക് 293 അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്തിന് 240ഉം, മറ്റുള്ളവർ 12. രാജ്യസഭയിലെ 245 അംഗങ്ങളും ഹാജരായാൽ 164 വോട്ടു വേണം പാസാകാൻ. എൻ.ഡി.എയ്‌ക്ക് 139 അംഗങ്ങൾ. 'ഇന്ത്യ' മുന്നണിക്ക് 75ഉം. നാളെ മുതൽ ശനിയാഴ്ച വരെയാണ് പ്രത്യേക സമ്മേളനം. മണ്ഡല പുനർനിർണയത്തിലൂടെ 50% ലോക്‌സഭാ, നിയമസഭ സീറ്റുകൾ വർ‌ദ്ധിപ്പിക്കും.

പ്രക്ഷോഭമുണ്ടാകുമെന്ന് സ്റ്റാലിൻ

കേന്ദ്രം നി‌ർദ്ദേശിക്കുന്ന തരത്തിലുള്ള മണ്ഡല പുനർനിർണയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേട്ടമാകുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയത് ശിക്ഷയായി മാറുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മണ്ഡല പുനർനിർണയവുമായി കേന്ദ്രം മുന്നോട്ടു പോയാൽ താൻ നേരിട്ട് പ്രക്ഷോഭം നയിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. തമിഴ്നാട് ജനത ഒന്നടങ്കം തെരുവിലിറങ്ങും. തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ധൃതിപിടിച്ച് ബിൽ പാസാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തിയിട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ഉറപ്പു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ല. ആശങ്കയറിയിക്കാൻ മോദിയുടെ സമയം പ്രതിപക്ഷ പാ‌ർട്ടികൾ ആവശ്യപ്പെട്ടിട്ടും നിഷേധിക്കുന്നു. 1971ലെ സെൻസസ് ഡേറ്റ അടുത്ത 30 വർഷം കൂടി ഉപയോഗിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെടുന്നു.