തുറവൂർ ആശുപത്രിയിലെ അഗ്നിബാധ; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം ഒഴിവായത് വൻ ദുരന്തം
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം, സമയോജിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിന് പിന്നിൽ അധികൃതരുടെ കടുത്ത അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. ലക്ഷങ്ങൾ വിലവരുന്ന ജീവൻരക്ഷാമരുന്നുകൾ സുരക്ഷിതമല്ലാതെയാണ് അധികൃതർ കൈകാര്യം ചെയ്തെന്നാണ് ആക്ഷേപം.പഴയ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ ടിൻ ഷീറ്റ് ഉപയോഗിച്ച് താത്ക്കാലികമായി നിർമ്മിച്ച ഷെഡിലാണ് മരുന്ന് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്.കെട്ടിടാവശിഷ്ടങ്ങൾ സൂക്ഷിക്കാനായി നിർമ്മിച്ച ഈ ഷെഡ് അടുത്തിടെ എ.സി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി മരുന്നുകൾ സൂക്ഷിക്കുന്നതിനായി മാറ്റുകയായിരുന്നു. എന്നാൽ, ശക്തമായ ചൂടേൽക്കുന്ന മുകളിലത്തെ നിലയിൽ താത്ക്കാലിക സംവിധാനത്തിൽ വിലകൂടിയ മരുന്നുകൾ സൂക്ഷിച്ചതാണ് വീഴ്ചയ്ക്ക് കാരണമായി പറയുന്നത്.തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ട മരുന്നുകൾ പോലും ഇത്തരം സാഹചര്യങ്ങളിൽ വച്ചത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. ചില മരുന്നുകൾ ഉയർന്ന ചൂടിൽ തീപിടിക്കാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. ഒന്നരക്കോടിയോളം രൂപയുടെ മരുന്നാണ് അഗ്നിക്കിരയായത്.
വെല്ലുവിളിയായി ഗോവണി
അടിയന്തര സാഹചര്യത്തിൽ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സൗകര്യങ്ങളില്ലാത്തതും വെല്ലുവിളിയായി. രണ്ട്, മൂന്ന് നിലകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഉള്ളിൽ നിന്നുള്ള ഗോവണിപ്പടിയാണ് ആശ്രയം. പുറത്തുനിന്ന് ഇരുമ്പ് ഗോവണിപ്പടി സ്ഥാപിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇതോടെ തീപിടത്തമുണ്ടായ മൂന്നാംനിലയിലെത്താൻ ഫയർഫോഴ്സും പൊലീസും നന്നേ ബുദ്ധിമുട്ടി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്ക് പുറമെ ചേർത്തല ഡിവൈ.എസ്.പി, ജില്ലാ മെഡിക്കൽ ഓഫീസർ, തഹസിൽദാർ എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.