 വാഷിംഗ്ടണിൽ സമാധാന യോഗം ലെബനൻ-ഇസ്രയേൽ കൂടിക്കാഴ്ച നടന്നു

Wednesday 15 April 2026 12:43 AM IST

വാഷിംഗ്ടൺ: ഒരു മാസത്തിലേറെ നീണ്ട സംഘർഷങ്ങൾക്കിടെ സമാധാന പ്രതീക്ഷ നൽകി ലെബനനും ഇസ്രയേലും നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇന്നലെ വാഷിംഗ്ടണിൽ ചേർന്ന യോഗത്തിൽ ഇസ്രയേലിൽ നിന്നും ലെബനനിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആതിഥേയത്വം വഹിക്കുന്ന ചർച്ചകളിൽ ഇസ്രായേൽ പ്രതിനിധി യെച്ചീൽ ലീറ്ററും യു.എസിലെ ലെബനീസ് അംബാസഡർ നദാ ഹമാദെ മൊവാദ് എന്നിവരും പങ്കെടുത്തു. ഇന്ത്യൻ സമയം രാത്രി 8.30 ഓടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. ഹിസ്ബുള്ള രാഷ്ട്രീയ കൗൺസിലിലെ ഉന്നത അംഗമായ വാഫിഖ് സഫ ചർച്ചയിൽ നിന്ന് വിട്ടുനിന്നു.1993നുശേഷം ആദ്യമായാണ് ഇസ്രയേലും ലെബനനും നേരിട്ടുള്ള ചർച്ചകൾ നടത്തുന്നത്.

ഇറാനിൽ ഇസ്രയേലും യു.എസും നടത്തിയ ആക്രമണത്തിനുപിന്നാലെയാണ് ഹിസ്ബുള്ളയെ ലക്ഷ്യം വച്ചെന്ന പേരിൽ ലെബനനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ലെബനനിൽ ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 2,089 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു, അവരിൽ 252 സ്ത്രീകളും 166 കുട്ടികളും 88 മെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു. 6,762 പേർക്ക് പരിക്കേറ്റു. ഒരു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ട്.

ഇറാനിൽ വെടിനിറുത്തൽ പ്രഖ്യാപിച്ചതിനുശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നിരുന്നു. ഇറാനിലെ വെടിനിറുത്തൽ കരാർ ലെബനന് ബാധകമല്ലെന്നായിരുന്നു നെതന്യാഹുവിന്റെ വാദം. കഴിഞ്ഞ ദിവസങ്ങളിൽ ബെയ്റൂട്ടിലെ തന്ത്രപ്രധാനമായ ഇടങ്ങളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾക്കുനേരെയെന്ന പേരിൽ ഇസ്രയേൽ ആക്രമണം നടത്തുകയും ചെയ്തു.

തെക്കൻ ലെബനനിലേക്ക് ഇപ്പോഴും ഇസ്രയേൽ സൈന്യം അധിനിവേശം തുടരുകയാണ്. അതിർത്തിയിൽ നിന്ന് വടക്കോട്ട് ഏകദേശം 30 കിലോമീറ്റർ അകലെ ലിറ്റാനി നദി വരെ ഇസ്രയേലിന്റെ അധിനിവേശം വ്യാപിച്ചിട്ടുണ്ട്. തെക്കൻ ലെബനനിൽ നിന്ന് കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ പ്രദേശം പൂർണമായും സൈനികവത്കരിക്കുന്നതുവരെ പലായനം ചെയ്തവരെ തിരികെ വരാൻ അനുവദിക്കില്ലെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി പറയുന്നത്.