മലയോരം വീണ്ടും കടുവാഭീതിയിൽ
മുണ്ടക്കയം ഈസ്റ്റ്: വന്യജീവി ആക്രമണത്തിൽ വലഞ്ഞ് പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റ്.
കഴിഞ്ഞദിവസം പശുവിനെ വന്യമൃഗം കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. കടുവയുടെ ആക്രമണമാണെന്ന് തൊഴിലാളികൾ പറയുന്നു. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ ഇവിടെ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. എന്നാൽ വന്യജീവിശല്യം തടയുന്നതിനുള്ള യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ആനയും പുലിയും കടുവയും കാട്ടുപോത്തും കാട്ടുപന്നിയും അടക്കമുള്ള വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന എസ്റ്റേറ്റിൽ ജീവൻ പണയംവച്ചാ ണ് തൊഴിലാളികളും സമീപപ്രദേശത്തെ നാട്ടുകാരും കഴിയുന്നത്.
റീപ്ലാന്റീംഗ് ന ടത്താത്തത് വന്യമൃഗ ശല്യം രൂക്ഷമാക്കി
റബർ മരങ്ങൾ മുറിച്ചുനീക്കിയ ഭാഗങ്ങളിൽ റീ-പ്ലാന്‍റിംഗ് നടത്താതെ കാടുപിടിച്ചു കിടക്കുന്നതാണ് വന്യമൃഗശല്യം വർധിക്കാൻ കാരണം. മരങ്ങൾ വെട്ടിമാറ്റിയ ഇടങ്ങളിൽ ഇപ്പോൾ ആൾപ്പൊക്കത്തിൽ കാട് വളർന്നു നിൽക്കുകയാണ്. ഇത് വന്യമൃഗങ്ങൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാനും പെറ്റുപെരുകാനും സൗകര്യമൊരുക്കുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ ജീവൻ പണയംവച്ച് എസ്റ്റേറ്റിൽ ജോലി ചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികൾ.
റീ പ്ലാന്‍റിംഗ് നടക്കാത്ത സ്ഥലങ്ങളിൽ വളർന്നുനിൽക്കുന്ന കാടുപടലങ്ങൾ അടിയന്തരമായി വെട്ടിമാറ്റി വന്യമൃഗശല്യം ഒഴിവാക്കണമെന്നും വനംവകുപ്പിന്‍റെ നിരീക്ഷണം ശക്തമാക്കണമെന്നുമാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.