അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ ആരോപണം; പവൻ ഖേരയ്‌ക്ക് തിരിച്ചടി, മുൻകൂർ ജാമ്യം സ്റ്റേ ചെയ്‌തു

Wednesday 15 April 2026 2:26 PM IST

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്‌ക്കെതിരെ അപകീർത്തി പ്രസ്‌താവന നടത്തിയ കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയ്‌ക്ക് തിരിച്ചടി. മുൻകൂർ ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദേശിച്ചു. തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ അസം സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമയ്‌ക്ക് രണ്ട് മുസ്ലീം രാഷ്‌ട്രങ്ങളുടേതുൾപ്പെടെ മൂന്ന് പാസ്‌‌പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാൽ, വ്യാജ രേഖകൾ കാണിച്ചാണ് ഖേരയുടെ ആരോപണമെന്നും പാകിസ്ഥാനിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നൽകിയ രേഖയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്തയുടെ വിശദീകരണം.

അതേസമയം, ഖേര വ്യാജരേഖകൾ പുറത്തുവിട്ടത് അസം തിരഞ്ഞെടുപ്പിൽ പാകിസ്ഥാന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നതിന്റെ തെളിവാണെന്നാണ് ബിജെപിയുടെ ആരാപണം. റിനികി ഭൂയാൻ നൽകിയ പരാതിയിലാണ് അസം പൊലീസ് ഖേരയ്ക്കെതിരെ കേസെടുത്തത്.