കൊച്ചിയിൽ റൂമെടുത്ത് കച്ചവടം; ഗൂഗിൾ പേയിൽ മുഴുവൻ സിനിമാ മേഖലയിലുള്ളവർ, റിൻസി വീണ്ടും പിടിയിൽ

Wednesday 15 April 2026 3:48 PM IST

കൊച്ചി: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശേരി എയർപോർട്ടിന് സമീപത്തെ എം ജെ റസിഡൻസിയിൽ വച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായി ഇവിടെ റൂമെടുത്ത് കഴിയുകയായിരുന്നു യുവതി എന്നാണ് പൊലീസ് പറഞ്ഞത്.

റിൻസിക്കൊപ്പം മൂന്നുപേരെക്കൂടി നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഉപയോഗിക്കാനായി കൈവശം വച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. സിനിമാ മേഖലയിലടക്കം ലഹരി എത്തിച്ചുനൽകുന്ന ആളാണ് കോഴിക്കോട് ഫറോഖ് സ്വദേശിനി റിൻസി മുംതാസ്.

2025 ജൂലായ് മാസത്തിലും എംഡിഎംഎയുമായി റിൻസി മുംതാസ് കൊച്ചിയിൽ പിടിയിലായിരുന്നു. അന്ന് സിനിമാ മേഖലയിലുള്ളവർക്കാണ് ലഹരി എത്തിച്ചത്. എംഡിഎംഎ വാങ്ങാനായി മാത്രം റിൻസി ചെലവഴിച്ചത് പത്ത് ലക്ഷത്തോളം രൂപയാണ്. ബംഗളൂരുവിൽ നിന്ന് കൊക്കെയ്‌നും എത്തിച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഗൂഗിൾ പേ വഴിയും ക്രിപ്‌റ്റോ കറൻസി വഴിയും പണമിടപാട് നടത്തിയവരിൽ ഏറെയും സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയാണ് റിൻസി. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നത് ഇവരായിരുന്നു. റിന്‍സിയുടെ സഹായി യാസര്‍ അറാഫത്ത് നേരത്തേ അറസ്റ്റിലായിട്ടുണ്ട്. ലഹരി എത്തിച്ചു നല്‍കുന്നതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി ആര്‍ കമ്പനിയായ ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റിന്റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്റ്റിലായതോടെ റിന്‍സിയെ ഒബ്‌സ്‌ക്യൂറ തള്ളിപ്പറഞ്ഞു.