ലഷ്‌കർ ഇ  തയിബ  സ്ഥാപകൻ ആമിർ ഹംസ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ

Thursday 16 April 2026 2:46 PM IST

ലാഹോർ: ലഷ്‌കർ ഇ തയിബ സ്ഥാപക അംഗമായ ഭീകരൻ ആമിർ ഹംസ വെടിയേറ്റ് ഗുരുതരാവസ്ഥയിലായതായി റിപ്പോർട്ട്. പാകിസ്ഥാനിലെ ലാഹോറിൽ ഒരു മാദ്ധ്യമസ്ഥാപനത്തിന്റെ ഓഫീസിന് പുറത്തുവച്ചാണ് ആമിറിന് വെടിയേറ്റത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമല്ല. ആമിർ ഹംസയെ വെടിവച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് ലാഹോർ പൊലീസ് പറഞ്ഞു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

1985നും 1986നുമിടയിൽ ഭീകരരായ ഹാഫിസ് സയീദും ആമിർ ഹംസയും ചേർന്നാണ് ലഷ്‌കറെ തയിബ സ്ഥാപിച്ചത്. ഇന്ത്യയിലടക്കം നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ആമിർ ഹംസയായിരുന്നു. ലഷ്‌കറെ തയിബയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് ആമിറിനെ കണക്കാക്കുന്നത്. യുഎസ് ഇയാളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. 1959ൽ ജനിച്ച ഹംസ അഫ്‌ഗാൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. തുടർന്നാണ് ലഷ്‌കറെയ്‌ക്ക് രൂപം നൽകുന്നത്. എന്നാൽ 2018ൽ ഇയാൾ ലഷ്‌കറെയുമായി അകന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.